യുഎഇ കോൺസുലേറ്റിൽ വർണശബളമായ യുഎഇ ദേശീയ ദിനാചരണം

Posted on: December 6, 2017

ഹിസ് ഹൈനസ് ജമാൽ ഹുസൈൻ അൽസാബി

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ വർണശബളമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് യുഎഇ ദേശീയ ദിനാചരണം സംഘടിപ്പിച്ചു. യുഎഇയുടെ കേരള-ദക്ഷിണേന്ത്യൻ കോൺസൽ ജനറൽ ഹിസ് ഹൈനസ് ജമാൽ ഹുസൈൻ അൽസാബി സംഘടിപ്പിച്ച വിരുന്നുസൽക്കാരത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റ് നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു. കേരളീയരുടെയും അറബ് നാടുകളിലെ മലയാളി സമൂഹത്തിന്റെയും വകയായി എല്ലാ ആശംസകളും നേരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

യുഎഇ നിലവിൽ വന്ന 1971 മുതലുള്ള രാജ്യത്തിന്റെ നേട്ടങ്ങളും ഇന്ത്യയുമായുള്ള ദൃഢബന്ധവും കോൺസൽ ജനറൽ പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. സഹകരണ മനോഭാവവും പരസ്പര ബഹുമാനവുമാണ് ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തിന്റ കാതൽ. അത് രണ്ടു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്കു വളർന്നുവെന്നും കോൺസൽ ജനറൽ പറഞ്ഞു. നേതാക്കന്മാരുടെ പരസ്പര സന്ദർശനങ്ങളും വളർന്നുകൊണ്ടിരിക്കുന്ന വാണിജ്യ, സാമ്പത്തിക, സാംസ്‌കാരിക വിനിമയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയെ മാതൃകാരാഷ്ട്രമാക്കുന്നതിലും രാജ്യാന്തര സമൂഹവുമായി ശക്തമായ ബന്ധം വളർത്തുന്നതിലും യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ യുഎഇ ഭരണാധികാരികൾ തുടങ്ങിയ യുഎഇ നേതാക്കളുടെ ദീർഘവീക്ഷണത്തെയും കോൺസുൽ ജനറൽ പ്രശംസിച്ചു.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ നടന്നു. എമിറേറ്റ്‌സ് എയർലൈൻസ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ എന്നീ എയർലൈനുകളുടെ സ്‌പോൺസർഷിപ്പോടെ നടന്ന ചടങ്ങിൽ സമ്മാനമായി ഹോളിഡേ വൗച്ചറുകളും വിമാനടിക്കറ്റുകളും വിതരണം ചെയ്തു.