ആസ്റ്റർ മെഡ്‌സിറ്റി നാടിന് സമർപ്പിച്ചു

Posted on: May 7, 2015

Aster-Medcity-Inaug-Big

കൊച്ചി : കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽകലാം നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ ഹാജി ഇസ്സ മൈദൂർ, മാലിദ്വീപ് ആരോഗ്യമന്ത്രി ഹുസൈൻ റഷീദ്, അബുദാബി ആരോഗ്യ സഹമന്ത്രി നസ്സാർ ഖലീഫ അൽ ബുദ്ദൂർ, ശ്രീലങ്കൻ ആരോഗ്യകാര്യമന്ത്രി ഡോ. നംബുകര ഹെലംബേഗ് രജിത ഹരിശ്ചന്ദ്ര, ധനമന്ത്രി കെ.എം മാണി, മുൻ എം.പി. പി. രാജീവ്, കർണാടക ആരോഗ്യമന്ത്രി യു. ടി ഖാദർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആസ്റ്റർ മെഡ്‌സിറ്റി കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മൂവായിരത്തോളം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ആഹ്ലാദകരമായ നിമിഷം അവിസ്മരണീയമാക്കുന്നതിന് ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ ആയിരത്തിലേറെ ആസ്റ്റർ കുടുംബാംഗങ്ങൾ അവയവദാന പ്രതിജ്ഞയെടുത്തു. ഇതോടൊപ്പം, ചേരാനല്ലൂർ വില്ലേജിലെ 2500 ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രദേശത്തെ 10,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

രാജ്യത്തിന്റെ ആതുരപരിചരണ മേഖല കരുത്താർജിക്കുകയാണെന്നും കിടയറ്റ സാങ്കേതികവിദ്യയും വൈദഗ്ധ്യവും നമുക്ക് ലഭ്യമാണെന്നും ആസ്റ്റർ മെഡ്‌സിറ്റിയിൽ നിൽക്കുമ്പോൾ മനസിലാക്കുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എപിജെ അബ്ദുൽ കലാം പറഞ്ഞു. തീർച്ചയായും ആതുരസേവന രംഗത്ത് എല്ലാവർക്കും ആശ്രയിക്കാവുന്ന ഇടമാണ് ആസ്റ്റർ മെഡ്‌സിറ്റി. സേവനങ്ങൾ എല്ലാവർക്കും ലഭ്യമായിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകമെന്നും ഡോ. എപിജെ അബ്ദുൽ കലാം കൂട്ടിച്ചേർത്തു.
ആതുരപരിചരണത്തിൽ വലിയ പൈതൃകമുള്ളവരാണ് കേരളീയരെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയുടെ കാര്യത്തിൽ, അതിന്റെ സാങ്കേതിക മേൻമ കേരളത്തിന് നേട്ടമാണെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

രാജ്യത്തിനകത്തും പുറത്തും ആതുരപരിചരണ സേവന മേഖലയിൽ ശ്രദ്ധേയരായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ യാത്രയിൽ ഇതൊരു നിർണായക നാഴികക്കല്ലാണെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഒരു സ്വപ്നമായി തുടങ്ങുകയും മനസിനുള്ളിൽ താലോലിക്കുകയും ചെയ്തത് ഇന്നൊരു യാഥാർഥ്യമായിരിക്കുകയാണ്. ആധുനിക ചികിത്സാമേഖലയിലെ ഏറ്റവും മികച്ച പരിചരണമാണ് ശ്രദ്ധയോടെയും സ്‌നേഹവാത്സല്യങ്ങളോടെയും ഞങ്ങൾ നൽകുന്നത്. സാധ്യമായ എല്ലാ വിധത്തിലും ‘വീ വിൽ ട്രീ റ്റു യു വെൽ’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനം- അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആതുരപരിചരണ രംഗത്തെ വഴിത്തിരിവായി മാറുന്ന അത്യാധുനിക ചികിത്സാ രീതികളുമായാണ് ആസ്റ്റർ ജനങ്ങളിലേയ്‌ക്കെത്തുന്നതെന്ന് സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും എട്ട് വ്യത്യസ്ത മികവിന്റെ കേന്ദ്രങ്ങളും ചേർന്നതാണ് ആസ്റ്റർ മെഡ്‌സിറ്റിയുടെ ആദ്യഘട്ടത്തിലുള്ളത്. കാർഡിയോ സയൻസസ്, ന്യൂറോസയൻസസ്, നെഫ്രോളജി ആൻഡ് യൂറോളജി എന്നിങ്ങനെ മൂന്ന് പ്രധാന സെന്റർ ഒഫ് എക്‌സലൻസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഓങ്കോളജി, ഓർത്തോപീഡിക്‌സ് ആൻഡ് റ്യുമറ്റോളജി, ഗ്യാസ്‌ട്രോഎന്ററോളജി ആൻഡ് ഹെപറ്റോളജി, വിമൻസ് ഹെൽത്ത്, ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് എന്നിവയാണ് ആസ്റ്ററിലെ മറ്റു മികവിന്റെ കേന്ദ്രങ്ങൾ.