ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

Posted on: September 30, 2017

കൊച്ചി : ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവൻ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വർഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് ഈ കാഷ് ബാക്ക് ലഭിക്കുക. കാഷ് ബാക്ക് എങ്ങനെ വേണമെന്നു വായ്പ എടുക്കുന്നവർക്കു തീരുമാനിക്കാം. കാഷ് ബാക്ക് ഇടപാടുകാരന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഭവന വായ്പയുടെ വായ്പത്തുകയിൽ വരവു വയ്ക്കുകയോ ചെയ്യാം. വായ്പത്തുകയിൽ വരവു വയ്ക്കുകയാണെങ്കിൽ വായ്പാ തിരിച്ചടവ് നേരത്തെ പൂർത്തിയാക്കുവാൻ സാധിക്കും.

ആദ്യഗഡു അടയ്ക്കുന്നതു മുതൽ കാഷ് ബാക്ക് ലഭിച്ചു തുടങ്ങും. ഈ തുക കൂട്ടിവച്ച് മുപ്പത്തിയാറാം ഗഡുവിൽ ഇടപാടുകാരന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. തുടർന്നുള്ള ഓരോ പന്ത്രണ്ടാം ഗഡുവിലും കാഷ് ബാക്ക് ക്രെഡിറ്റ് ചെയ്യും. ഈ പദ്ധതി മറ്റ് വായ്പാ പദ്ധതികളായ വസ്തു വാങ്ങുന്നതിനുള്ള വായ്പ, വാണിജ്യാവശ്യത്തിനുള്ള വസ്തു വാങ്ങുന്നതിനുള്ള വായ്പ, ലീസ് റെന്റൽ ഡിസ്‌കൗണ്ടിംഗ് തുടങ്ങിയവയ്ക്കും ഈ ആനുകൂല്യം ലഭ്യമാണെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പറഞ്ഞു.

TAGS: ICICI BANK |