ആറന്മുള വിമാനത്താവളം സത്യം എന്ത്

Posted on: September 18, 2013

KGS-Jijiവിമാനമില്ലെങ്കിലും വിവാദങ്ങളാണ് ആറന്മുള വിമാനത്താവളത്തെ ചുറ്റിപ്പറ്റി പറന്നുയരുന്നത്. കൃഷിയില്ലാത്ത ചതുപ്പ് നികത്തിയാൽ പാരിസ്ഥിതിക പ്രശ്‌നം, വിമാനത്തിന്റെ ലാൻഡിംഗും ടേക്ക്ഓഫും പൈതൃകം തകർക്കും… വികസനവിരോധികളുടെ അടിസ്ഥാനമില്ലാത്ത ആരോപണശരങ്ങൾക്ക് അവസാനമില്ല. 2009-ൽ 1500 കോടി ചെലവു കണക്കാക്കിയ പദ്ധതിക്ക് ഇപ്പോൾ 2000 കോടി മുതൽമുടക്കണം. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം സ്ഥാപിക്കാൻ ഒരുങ്ങിയതിന്റെ പേരിൽ ജിജി ജോർജ് എന്ന സംരംഭകൻ കഴിഞ്ഞ നാലു വർഷമായി നേരിടുന്ന പ്രതിസന്ധികൾക്ക് കണക്കില്ല.

കൊച്ചിയിലെ ലുലുമാൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വ്യവസായ പദ്ധതിയാണ് ആറന്മുള വിമാനത്താവളം. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വികസന പ്രതീക്ഷകളും വെല്ലുവിളികളും കെജിഎസ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജിജി ജോർജ് ബിസിനസ്ഓൺലൈവ് ഡോട്ട്‌കോമുമായി പങ്കുവയ്ക്കുന്നു.

കേരളത്തിൽ നാലാമതൊരു വിമാനത്താവളത്തിന്റെ പ്രസക്തി ?

= വിദേശമലയാളികൾക്കും തീർത്ഥാടകർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ അനുഗ്രഹമായിരിക്കും ആറന്മുള വിമാനത്താവളം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തീർത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് നിർദിഷ്ട വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവിംഗ് ദൂരമേയുള്ളു. സർക്കാരിന്റെ 2011-ലെ കണക്കുകൾ പ്രകാരം 60 ദശലക്ഷം തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയത്. വിമാനമാർഗം കൊച്ചിയിലെത്തി കാറിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണം ഓരോവർഷവും വർധിച്ചുവരികയാണ്.

കൂടാതെ കേരളത്തിൽ വിമാനയാത്രക്കാരുടെ 40 ശതമാനവും പദ്ധതിയുടെ 50 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ്. അതായത് ഇപ്പോൾ മൂന്നും നാലും മണിക്കൂർ റോഡ്മാർഗം സഞ്ചരിച്ച് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടവർക്ക് ആറന്മുള വിമാനത്താവളം അനുഗ്രഹമായിരിക്കും. തീരുന്നില്ല കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കു ആലപ്പുഴയിലേക്കും കുമരകത്തേക്കും പോകാൻ ഏറ്റവും സൗകര്യപ്രദമായിരിക്കും ഈ വിമാനത്താവളം.

ആവശ്യത്തിനു യാത്രക്കാരെ കണ്ടെത്താനാവുമോ ?

= രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്ന് വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തിൽ കൊച്ചി ഏഴാം സ്ഥാനത്തും തിരുവനന്തപുരം 11 സ്ഥാനത്തും കോഴിക്കോട് 13 സ്ഥാനത്തുമാണ്. 2004 ൽ രണ്ട് ദശലക്ഷമായിരുന്ന വിമാനയാത്രക്കാരുടെ എണ്ണം 2011-12 ൽ പത്തുദശലക്ഷമായി വർധിച്ചു. അതായത് മൂന്നു മലയാളികളിൽ ഒരാൾ വീതം വിമാനയാത്രചെയ്യുന്നുവെന്നു ചുരുക്കം. മധ്യകേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വോൾവോ ബസുകൾ ദിവസേന ബാംഗ്‌ളൂരിലേക്കും മംഗലാപുരത്തേക്കും പോകുന്നത്. ആറന്മുളയിൽ നിന്ന് ഫ്‌ളൈറ്റുണ്ടെങ്കിൽ കുറഞ്ഞസമയത്തിനുള്ളിൽ ബാംഗ്‌ളൂർ മലയാളികൾക്ക് നാട്ടിലെത്താം.

ഇന്ത്യയിലെ ആകെയുള്ള 16.23 കോടി വിമാനയാത്രക്കാരിൽ 97.42 ലക്ഷം പേർ കേരളത്തിൽ നിന്നാണ്. മൊത്തം ജനസംഖ്യയുടെ 2.75 ശതമാനം മാത്രമുള്ള കേരളത്തിൽ നിന്നാണ് രാജ്യത്തെ ഇന്റർനാഷണൽ എയർട്രാഫിക് മൂവ്‌മെന്റിന്റെ 15.28 ശതമാനം നടക്കുന്നത്. മറ്റുവിമാനത്താവളങ്ങളുടെ ബിസിനസ് അപഹരിക്കാതെ വളരാൻ ഞങ്ങൾക്കു കഴിയും.

പ്രാദേശികമായ എതിർപ്പിനുള്ള കാരണങ്ങൾ ?

= എഴുന്നൂറ് ഏക്കറിലാണ് ആറന്മുള വിമാനത്താവളം സ്ഥാപിക്കുന്നത്. മാർക്കറ്റ് വില നൽകി ഏറ്റവും സുതാര്യമായാണ് ഞങ്ങൾ ഭൂമി വാങ്ങിയത്. ഏക്കറിന് മൂന്നര കോടി രൂപവരെ വില നൽകേണ്ടി വന്നിട്ടുണ്ട്. നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുള്ളവർ നേരത്തെ വാങ്ങിയ ഭൂമിയും ഞങ്ങൾ ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായിട്ട് വയൽ നികത്തുകയോ നീരൊഴുക്ക് തടയുകയോ ചെയ്തിട്ടില്ല. ഈ ഭൂമികൾ 20 വർഷമായി കൃഷിയില്ലാത്തതാണെന്ന് കൃഷിവകുപ്പും സമ്മതിക്കുന്നു. നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചരണങ്ങളിൽ കഴമ്പില്ലെന്ന് പൊതുജനങ്ങളും ഇന്ന് തിരിച്ചറിയുന്നു.

സർക്കാർ അനുമതികൾ പൂർണമായും ലഭിച്ചോ ?

= എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ 2009 ഒക്‌ടോബർ 15-ന് സൈറ്റ് ക്ലിയറൻസ് നൽകിയതാണ്. 2010 സെപ്റ്റംബർ 8-ന് കേരളാ ഗവൺമെന്റ് എൻഒസി ലഭിച്ചു. 2011 ഓഗസ്റ്റ് 24-ന് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ എൻഒസിയും കിട്ടി. 2011 ഒക്‌ടോബർ 28-ന് സിവിൽഏവിയേഷൻ മന്ത്രാലയവും ക്ലിയറൻസ് നൽകി. പാരിസ്ഥിതിക അനുമതി വൈകാതെ ലഭിക്കും. നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവുണ്ട്.

പദ്ധതിയുടെ പ്രമോട്ടർമാർ ?

= ചെന്നൈ ആസ്ഥാനമായുള്ള കെജിഎസ് ഗ്രൂപ്പാണ് പദ്ധതിയുടെ പ്രമോട്ടർമാർ. എൻജിനീയറും എംബിരുദധാരിയുമായ കെ. കുമരൻ, ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഞാനും (ജിജി ജോർജ്) റിയൽഎസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന എൻജിനീയറായ പി.വി. ഷൺമുഖം എന്നിവർ ചേർന്നാണ് കെജിഎസിന് രൂപം നൽകിയത്.

വിമാനത്താവള പദ്ധതിയുടെ മൂലധനനിക്ഷേപം ?

= 2,000 കോടിരൂപയാണ് മൊത്തം പദ്ധതിച്ചെലവ്. ഇതിൽ 700 കോടി പ്രമോട്ടർമാരുടെ വിഹിതമാണ്. ശേഷിക്കുന്ന 1,300 കോടി വായ്പയായി കണ്ടെത്തും. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിടി തുടങ്ങിയ ബാങ്കുകൾ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘട്ടം പൂർത്തിയാക്കാൻ 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

പദ്ധതിക്കുവേണ്ട സാങ്കേതിക പിന്തുണ ?

= ഫോർച്യൂൺ 500 കമ്പനിയായ എയ്‌കോമാണ് പദ്ധതിയുടെ മാസ്റ്റർപ്ലാനും എയർപോർട്ടിന്റെ ഡിസൈനും തയ്യാറാക്കിയിട്ടുള്ളത്. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി, ഷിക്കാഗോ, ബ്രിസ്‌ബെയ്ൻ, ഫ്‌ളോറിഡ, ഹോങ്കോംഗ് തുടങ്ങിയ വിമാനത്താവളങ്ങൾ രൂപകല്പനചെയ്തിട്ടുള്ളത് എയ്‌കോമാണ്. പദ്ധതിയുടെ സാമ്പത്തിക വിശകലനം നിർവഹിച്ചിട്ടുള്ളത് ഏണസ്റ്റ് & യംഗ് ആണ്. ലോകത്ത് എമ്പാടുമായി 39 എയർപോർട്ടുകൾ ഓപറേറ്റ് ചെയ്യുന്ന മലേഷ്യ എയർപോർട്ട് ഹോൾഡിംഗ്‌സ് ബെർഹാദാണ് സാങ്കേതിക പങ്കാളി. ന്യൂഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങൾക്ക് ഇവർ സേവനം നൽകുന്നുണ്ട്.

വിമാനത്താവളം മാത്രമാണോ പദ്ധതിയിലുള്ളത് ?

= അല്ല. വ്യോമയാനഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിമാനത്താവളത്തിന് പുറമെ പ്രത്യേക സാമ്പത്തിക മേഖല (സെസ്), മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഷോപ്പിംഗ് മാൾ, നക്ഷത്ര ഹോട്ടലുകൾ, ഇന്റർനാഷണൽ സ്‌കൂൾ എന്നിവയടങ്ങുന്ന എയ്‌റോപോളീസും പദ്ധതിയുടെ ഭാഗമായുണ്ടാവും. ഐടിപാർക്കാണ് സെസിൽ ഉദേശിക്കുന്നത്.

സർക്കാരിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ ?

= സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ആറന്മുള വിമാനത്താവള പദ്ധതിക്ക് ലഭിച്ചിട്ടില്ല. മാറിമാറി വന്ന സർക്കാരുകൾ പദ്ധതിയെ പിന്തുണച്ചുവെന്നു മാത്രം. കമ്പനിയിൽ കേരളാ ഗവൺമെന്റ് 10 ശതമാനം ഓഹരിയുണ്ട്. അതായത് 220 കോടി രൂപ മൂലധനത്തിൽ 22 കോടി സർക്കാരിന്റെ വിഹിതമായിരിക്കും. ഡയറക്ടർ ബോർഡിൽ സർക്കാരിന്റെ ഒരു നോമിനിയുമുണ്ടാവും.

മറ്റുസംസ്ഥാനങ്ങൾ നൽകുന്ന പ്രോത്സാഹനങ്ങൾ ?

= ഗുജറാത്ത് 2010 ലും ആന്ധ്രപ്രദേശ് 2012 ലും വ്യോമയാന നയങ്ങൾക്ക് രൂപം നൽകി. ഇതനുസരിച്ച് വിമാനത്താവളങ്ങൾ സ്ഥാപിക്കാൻ സൗജന്യമായി ഭൂമി, വെള്ളം, ഊർജ്ജം എന്നിവ നൽകും. ഭൂമി രജിസ്റ്റർ ചെയ്യാൻ സ്റ്റാമ്പ്ഡ്യൂട്ടിയിൽ ഇളവും. സർക്കാർ ചെലവിൽ റോഡ് കണക്ടിവിറ്റി ഒരുക്കും. തീർന്നില്ല വ്യോമയാന ഇന്ധനത്തിന് (എടിഎഫ്) അഞ്ചുവർഷത്തേക്ക് നികുതിഇളവ്. ഏകദേശം 30 ശതമാനമാണ് എടിഎഫിന്‌മേലുള്ള വാറ്റ്.

ആറന്മുള പദ്ധതിയുടെ ആദ്യഘട്ടം എപ്പോൾ പൂർത്തിയാകും ?

= വൈകാതെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാമെന്നാണ് കരുതുന്നത്. അപ്രോച്ച് റോഡ്, റൺവേ, ടാക്‌സി വേ, ഏപ്രൺ എന്നിവയുടെ ജോലികളാണ് ആദ്യം ആരംഭിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ 2015 ഡിസംബറിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഒരേസമയം 1000 യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന വിധമാണ് ടെർമിനൽ ബിൽഡിംഗിന്റെ രൂപകല്പന. എയർബസ് എ-320, ബോയിംഗ് 747 വിമാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് എയർപോർട്ടിന്റെ ഡിസൈൻ.

ഈ പദ്ധതി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ ?

= ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി നേരിട്ട് 1500 പേർക്കും നേരിട്ടല്ലാതെ 6000 പേർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനേക്കാൾ ഉപരിയായി പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ വികസനത്തിൽ ഈ പദ്ധതി നിർണായ പങ്കുവഹിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

വ്യോമയാനമേഖലയിൽ നിന്നുള്ള പിന്തുണ ?

= ആനുകൂലപ്രതികരണമാണ് വ്യോമയാനമേഖലയിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൾഫ്‌മേഖലയിൽ നിന്നുള്ള ഒരു വിമാനക്കമ്പനി അവരുടെ ദക്ഷിണേന്ത്യയിലെ ഹബ് സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരാഞ്ഞുകഴിഞ്ഞു. തീർച്ചയായും ഇന്റർനാഷണൽ സർവീസുകൾക്ക് വലിയസാധ്യതകളാണ് ആറന്മുള വിമാനത്താവളം ഒരുക്കുന്നത്.