കാഴ്ചയ്ക്കപ്പുറമുള്ള വിജയം

Posted on: March 2, 2016

Srikanth-Bolla-Big-a

വിജയത്തിലേക്കുള്ള വഴി തിരിച്ചറിയാൻ കണ്ണ് വേണമെന്നില്ല, കാഴ്ച്ചപ്പാടാണ് പ്രധാനം. വിധി സമ്മാനിച്ച പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് വിജയക്കുതിപ്പ് നടത്തുന്നവർ നമ്മുക്കു ചുറ്റിലും അധികമുണ്ടാവില്ല. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയുടെ യവനകഥപോലെയാണ് ശ്രീകാന്ത് ബൊള്ളയുടെ വിജയഗാഥ. പ്രതിസന്ധികൾക്കു മുന്നിൽ തളർന്നു പോകുന്ന ആരെയും കോരിത്തരിപ്പിക്കും, ജന്മനാ അന്ധനായ ഈ ചെറുപ്പക്കാരന്റെ ജൈത്രയാത്ര.

ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ മച്ചിലിപട്ടണത്തിനടുത്ത സീതാരാമപുരത്തെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ശ്രീകാന്തിന്റെ ജനനം. ജന്മനാ അന്ധനായ ബാലനെ അപകശകുനം പോലെ ബന്ധുക്കളും നാട്ടുകാരും കരുതി. എന്നാൽ മാതാപിതാക്കൾ അവന്റെ വൈകല്യങ്ങളെ അവഗണിച്ച് നല്ല വിദ്യാഭ്യാസം നൽകി പ്രോത്സാഹിപ്പിച്ചു. തന്റെ ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായിരുന്നു സ്‌കൂൾ. എല്ലാ ദിവസവും ഈ ദുരമത്രയും നടന്നാണ് ശ്രീകാന്ത് രണ്ട് വർഷം പഠിച്ചത്.

കാഴ്ചയില്ലാതെ പഠനം മുടങ്ങുമെന്ന ഘട്ടത്തിൽ ശ്രീകാന്തിനെ ഹൈദരാബാദിലെ ദേവനാർ സ്‌പെഷൽ സ്‌കൂളിൽ ചേർത്തു. മൂന്ന് തവണ ഡബിൾ പ്രമോഷനിൽ 90 ശതമാനം മാർക്കോടെ 2007 ൽ പത്താം ക്ലാസ് പാസായി. സയൻസ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ ഹൈദരാബാദിലെ റോയൽ ജൂണിയർ കോളജിൽ നിന്നും 2009 ൽ പ്ലസ് ടു വും വിജയിച്ചു. യശശരീരനായ മുൻ രാഷ്ട്രപതി എ. പി.ജെ. അബ്ദുൾ കലാമിന്റെ കൂടെ ലീഡ് ഇന്ത്യ പ്രോജക്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി ശ്രീകാന്ത് കരുതുന്നു.

എൻജിനീയറിംഗ് പഠനത്തിന് ഒരുങ്ങിയപ്പോൾ ഐഐടി ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അന്ധ വിദ്യാർത്ഥിയെ വേണ്ട. തനിക്കു മുമ്പിൽ അവസരങ്ങളുടെ വാതിൽ പലരും കൊട്ടിയടക്കുന്നതു കണ്ട് ശ്രീകാന്ത് തളർന്നില്ല. ഇന്റർനെറ്റിന്റെ സഹായത്തോടെ അന്ധവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന വിദേശസ്ഥാപനങ്ങൾ തെരഞ്ഞു. ഒരേ സമയം നാല് വിദേശ സർവകലാശാലകളാണ് ശ്രീകാന്ത് ബൊള്ളയ്ക്ക് അഡ്മിഷൻ വാഗ്ദാനം ചെയ്തത്.

മുഴുവൻ ഫീസോടും കൂടി പ്രവേശന ഓഫർ നൽകിയ യുഎസിലെ മാസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ആണ് ശ്രീകാന്ത് തെരഞ്ഞെടുത്തത്. വിസ ഇന്റർവ്യു വേളയിൽ യുഎസ് എംബസി ഉദ്യോഗസ്ഥൻ എംഐടി തെരഞ്ഞെടുക്കാനുള്ള കാരണം തെരക്കി. ആ ഉദ്യോഗസ്ഥൻ ഹാർവാഡ് അലുംമ്‌നിയായിരുന്നു. എംഐടിയിലെ ആദ്യ മാസങ്ങൾ ഏറെ പ്രയാസം നിറഞ്ഞതായിരുന്നെങ്കിലും ശ്രീകാന്ത് അവയെല്ലാം തരണം ചെയ്തു. അക്കാലഘട്ടത്തിൽ എംഐടിയിലെ 120 വിദേശ വിദ്യാർത്ഥികളിൽ ഏക ഇന്ത്യക്കാരനായിരുന്നു ശ്രീകാന്ത് ബൊള്ള.

ഗ്രാജുവേഷൻ പൂർത്തിയാക്കിയ ശ്രീകാന്ത് അമേരിക്ക വച്ചുനീട്ടിയ അവസരങ്ങളെ അവഗണിച്ച് നാലര വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. രണ്ട് ഓപ്ഷനുകളാണ് മുന്നിലുണ്ടായിരുന്നത്. എംഐടിയിലെ ഡിഗ്രിയുടെ പിൻബലത്തിൽ ജോലി അല്ലെങ്കിൽ ബിസിനസ്. തന്നെപ്പോലെ ഭിന്നശേഷിയുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ സ്വന്തമായൊരു ബിസിനസ് സംരംഭമാണ് ശ്രീകാന്ത് തെരഞ്ഞെടുത്തത്. സ്‌പെഷൽ സ്‌കൂളിൽ തന്റെ അധ്യാപികയും വഴികാട്ടിയുമായിരുന്ന സ്വർണ്ണലതയെയും ഒപ്പം കൂട്ടി.

കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ച് പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും നിർമ്മിക്കുന്ന ബൊള്ളന്റ് ഇൻഡസ്ട്രീസിന് 2012 ൽ ശ്രീകാന്ത് രൂപം നൽകി. എട്ട് ജീവനക്കാരും മൂന്ന് മെഷീനുമാണ് തുടക്കത്തിലുണ്ടായിരുന്നത്. രണ്ട് വർഷം മുമ്പ് ശ്രീകാന്തിന്റെ സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് രവി മാൻത, എസ്. പി. റെഡി എന്നിവർ നിക്ഷേപത്തിന് തയാറായി. കിരൺ കുമാർ ഗാന്ധി (ജിഎംആർ), സതീഷ് റെഡി (ഡോ. റെഡീസ്) അനിൽ ചാലമാലസെട്ടി (ഗ്രീൻകോ) അരുൺ അളഗപ്പൻ (ടിഐ സൈക്കിൾസ്), ശ്രീനി രാജു (പീപുൾ കാപ്പിറ്റൽ) എന്നിവരും ബൊള്ളന്റിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു.

Srikanth-Bolla-Big-b

തിരുമല-തിരുപ്പതി ദേവസ്ഥാനമാണ് ഉത്പന്നങ്ങൾ അത്രയും വാങ്ങുന്നത്. ഭിന്നശേഷിയുള്ള 400 ലേറെ ജീവനക്കാർ, മൂന്ന് പ്ലാന്റുകൾ (നാച്ചാരം, നിസാമാബാദ്, ഹൂബ്ലി) – മൂന്ന് വർഷത്തിനുള്ളിൽ ബൊള്ളന്റ് നേടിയ വളർച്ച അത്ഭുതാവഹമാണ്. ഫാർമ, ഫുഡ്, ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ആവശ്യമായ പാക്കേജിംഗ് മെറ്റീരിയലുകൾ നിർമ്മിക്കുന്ന ബൊള്ളന്റിന്റെ ഓട്ടോമേറ്റഡ് പ്ലാന്റ് വൈകാതെ ശ്രീസിറ്റിയിൽ തുറക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 കോടി രൂപ വിറ്റുവരാണ് ബൊള്ളന്റ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

അടുത്തയിടെ ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ മൂലധന നിക്ഷേപം നടത്തിയതോടെ കോർപറേറ്റ് ലോകത്ത് ശ്രീകാന്ത് ബൊള്ള താരമായി.

Courtesy : INK 2015, Mumbai