ഫൈക്കസ് ലിപ്‌സ്ടിക്കിന്റെ 50 ാം ജന്മദിനം ആരാധകർ ആഘോഷമാക്കി

Posted on: October 21, 2014

Sewatha@-Cakecutting-big

ഫൈക്കസ് ലിപ്‌സ്ടിക്കിന്റെ 50 ാം ജന്മദിനം കേക്ക് മുറിച്ച് ആരാധകർ ആഘോഷമാക്കി. ഫൈക്കസ് ലിപ്‌സ്ടിക്ക് ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ബോൺസായ് ആൽമരത്തിന്റെ അൻപതാം പിറന്നാളാണ് സംഘാടകർ ആഘോഷമാക്കിയത്. എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന അന്തർദേശീയ ഓർക്കിഡ് ഫെസ്റ്റിലാണ് അൻപതാം പിറന്നാൾ ആഘോഷം നടന്നത്. കൊച്ചി മേയർ ടോണി ചമ്മിണി, ചലച്ചിത്ര താരങ്ങളായ ശ്വേത മേനോൻ, അബി, ടോണി, സാന്ത്വന ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഫാ. വർഗീസ് പുതുശേരി എന്നിവർ ചേർന്ന് പിറന്നാൾ കേക്ക് മുറിച്ചു.

സൂക്ഷ്മമായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിലെ നമ്മുടെ കാലാവസ്ഥയിൽ ബോൺസായ് വളരൂ. അൻപത് വർഷം പിന്നിട്ടെങ്കിലും ചെടിച്ചട്ടിക്കുള്ളിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന ഈ കുഞ്ഞൻ ആൽമരം ആരെയും ആകർഷിക്കും. ഇത് കൂടാതെ കൈക്കുമ്പിളിൽ ഒതുക്കാവുന്ന ചെടികളും 31 വർഷം പൂർത്തിയാക്കിയ ബോൺസായ് തെങ്ങും പൂത്ത് നിൽക്കുന്ന പുളിമരവുമൊക്കെ പ്രദർശനത്തിലുണ്ട്.

വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള നൂറിലേറെ വ്യത്യസ്ത ഓർക്കിഡുകൾ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഓർക്കിഡ് മേള 26 ന് സമാപിക്കും. എല്ലാ ദിവസവും കുട്ടികളുടെ മത്സരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷ്യ മേള എന്നിവയുമുണ്ടാകും. കൊച്ചി ആസ്ഥാനമായ സ്റ്റാർ എന്റർറ്റൈന്റ്‌മെന്റ്‌സും മെട്രോ ഈവന്റ് മേക്കേഴ്‌സും ചേർന്നാണ് കേരളത്തിലാദ്യമായി അന്തർദേശീയ ഓർക്കിഡ് മേള സംഘടിപ്പിക്കുന്നത്.