കൊച്ചിയിൽ ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റ്

Posted on: April 22, 2016

Chakka-Fest-2016-Big

കൊച്ചി : പൊള്ളുന്ന വേനൽ ചൂടിൽ ആശ്വാസമായി കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളുമായി ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റ് എറണാകുളം മറൈൻഡ്രൈവിൽ ഒരുങ്ങുന്നു. ഏപ്രിൽ 23 ന് രാവിലെ 11 ന് ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റ് ഹൈബി ഈഡൻ എം എൽ യും ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാലും ചേർന്ന് ഉദ്ഘാടനം ചെയ്യും.

ചക്ക വരട്ടി, ചക്ക പുഴുക്ക്, ചക്കയപ്പം, ചക്ക പായസം, ചക്ക സർബത്ത്, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ് തുടങ്ങി ഇരുപതോളം ചക്ക വിഭവങ്ങളും തേങ്ങ ചിപ്‌സ്, തേങ്ങ പായസം, തേങ്ങ പത്തിരി തുടങ്ങിയ തേങ്ങ വിഭവങ്ങളും പ്രദർശനത്തിനും വിൽപ്പനയ്ക്കും ഉണ്ടാകും. മേളയ്‌ക്കെത്തുന്നവർക്ക് ഇതോടൊപ്പം നടക്കുന്ന ഭക്ഷ്യമേളയിൽ ചക്കയുടെയും തേങ്ങയുടെയും കൊതിയൂറുന്ന വ്യത്യസ്ത വിഭവങ്ങൾ പരിചയപ്പെട്ട് രുചിയുടെ മാമ്പഴക്കാലം ആസ്വദിച്ച് മടങ്ങാം.

കേരളത്തിനകത്തും പുറത്തും വിളയുന്ന മാമ്പഴങ്ങൾ പ്രകൃതിദത്തമായ രീതിയിൽ പഴുപ്പിച്ച് പ്രദർശനത്തിനും വിപണനത്തിനുമായി എത്തിച്ചിട്ടുണ്ട്. കേസർ, റുമാനി, ബോംബെ ഗ്രീൻ, ഹിമസാഗർ, രാജാപുരി ബദാമി, ഹിമയുദ്ദീൻ, ഒലൊർ സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പുരി, സിന്ധൂരി, നൗരസ്, സുവൽരേഖ തുടങ്ങി നൂറോളം വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങൾ പ്രദർശനത്തിനുണ്ടാകും.

നാളികേര വികസന ബോർഡിന്റെയും കയർ ബോർഡിന്റേയും സ്റ്റാളുകൾ മേളയ്‌ക്കെമെന്ന് സംഘാടകരായ സ്റ്റാർ എന്റർട്ടെയ്ന്റ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടർ ഷമീർ വളവത്ത് പറഞ്ഞു. ചക്കയുടെയും മാങ്ങയുടെയും തേങ്ങയുടെയും വിഭവങ്ങൾ അടങ്ങിയ ഫുഡ് കോർട്ട്, വിനോദത്തിനായി നഴ്‌സറി ഇലക്ട്രിക് മാൻ, മാജിക് ഷോ എന്നിവയും ഗോസ്റ്റ് ഹൗസും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൺസ്യൂമർ മേളയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. പാചക മത്സരങ്ങളും കുട്ടികൾക്കായുള്ള മത്സരങ്ങളും കലാപരിപാടികളും മേളയോടനുബന്ധിച്ച് നടക്കും.

ഏപ്രിൽ 23 മുതൽ മെയ് 1 വരെ രാവിലെ 11 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.