ജോർജ്ജ് എയർപോർട്ട് : ആഫ്രിക്കയിലെ ആദ്യ സൗരോർജ്ജ വിമാനത്താവളം

Posted on: October 10, 2016

george-airport-solar-big

ജോഹന്നാസ്‌ബെർഗ് : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചുവടുപിടിച്ച് ജോർജ്ജ് എയർപോർട്ട് സൗത്ത് ആഫ്രിക്കയിലെ ആദ്യ സൗരോർജ്ജ വിമാനത്താവളമായി മാറി. ആഫ്രിക്കയുടെ തെക്കൻ തീരത്തെ പ്രാദേശിക വിമാനത്താവളമാണ് ജോർജ്ജ് എയർപോർട്ട്. 2000 സോളാർ പാനലുകളിൽ നിന്ന് പ്രതിദിനം 750 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എയർപോർട്ടിന്റെ പ്രവർത്തനത്തിന് പ്രതിദിനം 400 കിലോവാട്ട് വൈദ്യുതി മതി.

കൺട്രോൾ ടവർ, എസ്‌ക്കലേറ്റേഴ്‌സ്, ചെക്കിൻ ഡെസ്‌ക്ക്, ബാഗേജ് മൂവ്‌മെന്റ്, റെസ്‌റ്റോറന്റ്‌സ്, എടിഎം തുടങ്ങിയവയെല്ലാം സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി മുനിസിപ്പൽ പവർ ഗ്രിഡ് വഴി 274 വീടുകൾക്ക് വിതരണം ചെയ്യുന്നു.

പ്രതിവർഷം ഏഴ് ലക്ഷം യാത്രക്കാരാണ് ജോർജ്ജ് എയർപോർട്ട് ഉപയോഗിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ വൈദ്യുതി ഉത്പാദനത്തിന്റെ വലിയ പങ്കും കൽക്കരി ഉപയോഗിച്ചാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഗ്രീൻ എയർപോർട്ട് പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. സൗത്ത് ആഫ്രിക്കയിൽ പ്രതിദിനം ശരാശരി 8.5 മണിക്കൂർ സൂര്യപ്രകാശം ലഭിക്കും.

സൗരോർജം ഉപയോഗിച്ചു തുടങ്ങിയതോടെ 1229 ടൺ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ ( 103,934 ലിറ്റർ ഫോസിൽ ഇന്ധനം) കുറയ്ക്കാൻ കഴിഞ്ഞു. പവർകട്ടിനെക്കുറിച്ചും ആശങ്കപ്പെടേണ്ട. രാത്രി ഉപയോഗത്തിന് ജോർജ്ജ് എയർപോർട്ടിൽ 250 കിലോവാട്ടിന്റെ സോളാർപാനലുകൾ കൂടി സ്ഥാപിച്ചുവരികയാണ്. ജോർജ്ജ് എയർപോർട്ടിന്റെ വിജയത്തെ തുടർന്ന് കിംബർലി ഉൾപ്പടെ മറ്റ് അഞ്ച് വിമാനത്താവളങ്ങളിലേക്കും സോളാർ എനർജി വ്യാപിക്കാനുള്ള തയാറെടുപ്പിലാണ് എയർപോർട്ട്‌സ് കമ്പനി സൗത്ത് ആഫ്രിക്ക.