ഇൻഫോസിസ് 2018 ടെ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്ക്

Posted on: May 19, 2015

Infosys-board-big

ബംഗലുരു : ഇൻഫോസിസ് 2018 ഓടെ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. കാർബൺ ന്യൂട്രാലിറ്റി ഉൾപ്പടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി അടുത്ത നാല് വർഷത്തിനുള്ളിൽ 400 കോടി രൂപ ചെലവഴിക്കും. പൂർണമായും ഹരിതമാകാൻ ഒരുങ്ങുന്ന കമ്പനികളുടെ ആഗോള കൂട്ടായ്മയായ ആർഇ 100 ക്ലബിലേക്ക് ഇൻഫോസിസ് പ്രവേശിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാമദാസ് കാമത്ത് പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഇൻഫോസിസ് മാർഗരേഖ തയാറാക്കിയിട്ടുണ്ട്. 1,80 ലക്ഷം ജീവനക്കാരുള്ള കമ്പനി 3.74 ലക്ഷം ടൺ കാർബൺഡൈഓക്‌സൈഡ് പുറത്തുവിടുന്നതായാണ് വിലയിരുത്തിയിട്ടുള്ളത്. 2018 ഓടെ പ്രതിശീർഷ ഊർജ, ജല ഉപയോഗം കുറയ്ക്കും. സീറോ വേസ്റ്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ് തുടങ്ങിയ പദ്ധതികളും നടപ്പാക്കിവരികയാണ്. 2008 ന് ശേഷം നിർമ്മിക്കുന്ന കെട്ടിടങ്ങളെല്ലാം ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും രാമദാസ് കാമത്ത് ചൂണ്ടിക്കാട്ടി.

ആഗോളവ്യാപകമായി പ്രതിവർഷം 257 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇൻഫോസിസ് ഉപയോഗിക്കുന്നത്. ഇതിൽ 30 ശതമാനം 2014-15 ൽ പാരമ്പര്യേതര ഊർജ്ജമായി മാറ്റി. നിലവിൽ 2.7 മെഗാവാട്ട് സൗരോർജം കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. കർണാടകത്തിലെ 40 മെഗാവാട്ട് ഉൾപ്പടെ 55 മെഗാവാട്ട് സൗരോർജ്ജും അടുത്തവർഷം മുതൽ ഉത്പാദിപ്പിക്കും. കാമ്പസ് റൂഫ് ടോപ്പിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതു വഴി മറ്റൊരു 110 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കാനും ഇൻഫോസിസ് ലക്ഷ്യമിടുന്നു.