എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആളില്ല

Posted on: June 1, 2018

ന്യൂഡൽഹി : എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കം പാളി. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ന് അവസാനിച്ചപ്പോൾ ആരും മുന്നോട്ട് വന്നിട്ടില്ല. 50,000 കോടി രൂപയുടെ കടബാധ്യതകളുള്ള കമ്പനിയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനായിരുന്നു വ്യോമയാനമന്ത്രാലയത്തിന്റെ നീക്കം.

കടബാധ്യതകളുടെ ഉത്തരവാദിത്വം സംബന്ധിച്ച് വ്യക്തത വരുത്താത്തതും സ്വകാര്യവത്കരണത്തിന് തിരിച്ചടിയായി. എയർ ഇന്ത്യയുടെ പേര് മാറ്റരുതെന്നും ജീവനക്കാരെ നിലനിർത്തണമെന്നുള്ള സർക്കാർ നിലപാട് ഏറ്റെടുക്കലിൽ നിന്ന് പിന്തിരിയാൻ മറ്റ് വിമാനക്കമ്പനികളെ പ്രേരിപ്പിച്ചു. അടുത്ത വർഷം ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ മാനദണ്ഡങ്ങളോടെ സ്വകാര്യവത്കരണം എളുപ്പമാകില്ലെന്നാണ് വിപണിവൃത്തങ്ങൾ നൽകുന്ന സൂചന.

TAGS: Air India |