മിനിക്കോയി ദ്വീപിൽ വിമാനത്താവളം സ്ഥാപിക്കുന്നു

Posted on: November 9, 2017

ന്യൂഡൽഹി : ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ സിവിൽ വിമാനത്താവളം സ്ഥാപിക്കുന്നു. പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാകും വിമാനത്താവളം സ്ഥാപിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ന്യൂഡൽഹിയിൽ ദ്വീപ് വികസന ഏജൻസിയുമായി ഇതു സംബന്ധിച്ച് ചർച്ചനടത്തും. പുതിയ വിമാനത്താവളം ലക്ഷദ്വീപിന്റെ ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ വൻ വികസനത്തിനിടയാക്കുമെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ അഗത്തിയിൽ മാത്രമാണ് എയർസ്ട്രിപ്പുള്ളത്. അഗത്തിയിൽ നിന്ന് മിനിക്കോയിലേക്ക് കടൽമാർഗം 300 കിലോമീറ്റർ ദൂരമുണ്ട്. യാത്രയ്ക്ക് ആറ് മണിക്കൂറിലേറെ സമയം വേണ്ടിവരും. വിമാനത്താവളത്തിനൊപ്പം മിനിക്കോയി, ബംഗാരം, തിന്നക്കര, ചെറിയം, സുഹേലി ദ്വീപുകളുടെ വികസനവും ദ്വീപ് വികസന ഏജൻസി മുന്നോട്ടുവെച്ചിട്ടുണ്ട്.