ഡിപി വേൾഡ് 2016 ൽ കൈകാര്യം ചെയ്തത് 63.7 ദശലക്ഷം കണ്ടെയ്‌നറുകൾ

Posted on: February 9, 2017

ദുബായ് : ഡിപി വേൾഡ് കഴിഞ്ഞവർഷം ആഗോളതലത്തിൽ കൈകാര്യം ചെയ്തത് 63.7 ദശലക്ഷം കണ്ടെയ്‌നറുകൾ. കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് വ്യവസായം 1.3 ശതമാനം വളർച്ച നേടിയപ്പോൾ ഡിപി വേൾഡിന്റെ വളർച്ച 3.2 ശതമാനമാണ്. 2016 ലെ നാലാം ക്വാർട്ടറിൽ ഗ്രോസ് വോള്യം ഗ്രോത്ത് 6 ശതമാനം.

ഇക്കാലയളവിൽ ഏഷ്യ-പസഫിക്, യൂറോപ്പ്, യുഎഇ മേഖല 3.7 ദശലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 0.7 ശതമാനം കുറവാണിത്. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ മേഖല കണ്ടെയ്‌നർ നീക്കത്തിൽ സ്ഥിരത പുലർത്തി. ഡിപി വേൾഡിന്റെ ടെർമിനലുകൾ 2016 29.2 ദശലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു.

വെല്ലുവിളികൾ നിറഞ്ഞ വിപണിസാഹചര്യത്തിലും മികച്ച വളർച്ച നേടാനായെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലെയം പറഞ്ഞു. വളർച്ചയിൽ ജെബൽ അലി പോർട്ട് നായകസ്ഥാനം നിലനിർത്തി. നെതർലൻഡ്, ഇന്ത്യ, യുകെ, തുർക്കി എന്നീ രാജ്യങ്ങളിൽ വികസിപ്പിക്കുന്ന കണ്ടെയ്‌നർ ടെർമിനലുകൾ പ്രവർത്തനസജ്ജമാകുന്നതോടെ വളർച്ചാവേഗം കൂടുമെന്നും അദേഹം ചൂണ്ടിക്കാട്ടി.