വ്യോമയാനരംഗത്ത് വൻ വളർച്ചാ സാധ്യതയെന്ന് എയർബസ്

Posted on: July 14, 2016

Airbus-A-320neo-flying-Big

ന്യൂഡൽഹി : വ്യോമയാനരംഗത്ത് ആഗോളതലത്തിൽ വൻ വളർച്ചാ സാധ്യതയുണ്ടെന്ന് വിമാന നിർമാണകമ്പനിയായ എയർബസ്. വ്യോമഗതാഗതരംഗത്ത് ഇന്ത്യയും ചൈനയും മികച്ച വളർച്ചകൈവരിക്കും. ലോകവിപണിയിൽ 2035 ൽ 33,070 വിമാനങ്ങൾ ആവശ്യമായി വരും. 100 സീറ്റിന് മുകളിലുള്ള 32,425 യാത്രാവിമാനങ്ങളും 10 ടണ്ണിലധികം ഭാരശേഷിയുള്ള 645 ഫ്രൈറ്റർ വിമാനങ്ങളും ഉൾപ്പടെയാണിത്. ഇത്രയും വിമാനങ്ങൾക്ക് 5.2 ട്രില്യൺ ഡോളർ വില വരുമെന്നും എയർബസിന്റെ ഗ്ലോബൽ മാർക്കറ്റ് ഫോർകാസ്റ്റിൽ ചൂണ്ടിക്കാട്ടി.

വ്യോമഗതാഗത രംഗത്ത് അഞ്ച് ലക്ഷത്തിലേറെ പൈലറ്റുമാർക്കും 5.4 ലക്ഷത്തിലേറെ എൻജിനീയർമാർക്കും തൊഴിലവസരങ്ങളുണ്ടാകും. ഇപ്പോഴത്തെ നിലയിൽ വ്യോമഗതാഗത മേഖല അടുത്ത 20 വർഷത്തേക്ക് (2016-2035) പ്രതിവർഷം 4.5 ശതമാനം നിരക്കിൽ വളർച്ചനേടുമെന്നും എയർബസ് വിലയിരുത്തുന്നു.