ശ്രീരാം ഓട്ടോമാളുമായുള്ള ഹോണ്ടയുടെ പ്രീ-ഓണ്‍ഡ് ടൂവീലര്‍ ബിസിനസ് സഹകരണം നീട്ടി

Posted on: October 6, 2018

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ബെസ്റ്റ് ഡീല്‍ ഔട്ട്‌ലെറ്റുകളിലൂടെ പ്രീ-ഓണ്‍ഡ് ടൂ വീലര്‍ ബിസിനസില്‍ വ്യാപകമാകുന്നതിന്റെ ഭാഗമായി ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ യൂണിറ്റായ ശ്രീരാം ഓട്ടോമാളുമായുള്ള സഹകരണം നീട്ടി.
 പ്രീ-ഓണ്‍ഡ് ടൂവീലറുകളുടെ ഇടപാടുകള്‍ കൂടുതല്‍ വിശ്വസനീയവും പ്രൊഫഷണലും സംഘടിതവുമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

2015ല്‍ തുടക്കമിട്ട സഹകരണത്തിലൂടെ പ്രീ-ഓണ്‍ഡ് ടൂവീലര്‍ ഇടപാടുകളില്‍ ശരിയായ ഡോക്യുമെന്റേഷനും സുതാര്യതയും മറ്റും വരുത്താനും സംഘടിത സ്വഭാവം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്കു കൂടിയാണ് സഹകരണം നീട്ടുന്നത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേറിയയുടെയും ശ്രീരാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡ് (സമില്‍) സിഇഒ സമീര്‍ മല്‍ഹോത്രയുടെയും സാന്നിദ്ധ്യത്തില്‍ ധാരണാ പത്രം ഒപ്പുവച്ചു.

ഹോണ്ട ടൂവീലറുമായുള്ള സഹകരണം ശ്രീരാം ഓട്ടോമാളിന് അഭിമാനം നല്‍കുന്നുവെന്നും ഈ സഹകരണത്തിലൂടെ ഏറ്റവും നൂതനമായ ലേല പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് ഹോണ്ട ടൂവീലറുകള്‍ വാങ്ങാന്‍ അവസരം ലഭിക്കുമെന്നും സഹകരണത്തിലൂടെ ഇരു കൂട്ടര്‍ക്കും നേട്ടമുണ്ടാകുമെന്ന് നല്ല വിശ്വാസമുണ്ടെന്നും സമീര്‍ മല്‍ഹോത്ര പറഞ്ഞു.

വില്‍പ്പനക്കാരന്റെ വിവേചനാധികാരത്തില്‍ ടൂവീലര്‍ പുതുക്കുക, ഹോണ്ട ടൂവീലര്‍ നെറ്റ്‌വര്‍ക്ക് വഴി വാഹനം വില്‍ക്കുന്നതിന് സഹായിക്കുക, മുന്‍ ഉടമസ്ഥരില്‍ നിന്നും വാങ്ങിയ ടൂവീലറുകള്‍ക്ക് പാര്‍ക്കിങ് വെയര്‍ ഹൗസിങ് സൗകര്യമൊരുക്കുക തുടങ്ങിയ സേവനങ്ങള്‍ സഹകരണത്തിലൂടെ ഹോണ്ടയ്ക്ക് ലഭ്യമാക്കും.

ഹോണ്ടയുടെ 225-ാമതു ബെസ്റ്റ് ഡീല്‍ ഔട്ട്‌ലെറ്റ് തുറന്നത് ഈയിടെയാണ്. രണ്ടര വര്‍ഷം കൊണ്ട് കമ്പനിയുടെ പ്രീ-ഓണ്‍ഡ് ടൂവീലര്‍ ബിസിനസ് ഇരട്ടിയാക്കികൊണ്ട് 75 നഗരങ്ങളില്‍ നിന്നും 25 സംസ്ഥാനങ്ങളിലായി 174 നഗരങ്ങളിലേക്ക് വ്യാപിച്ചു.