മഹീന്ദ്ര ഥാർ ഫെസ്റ്റ് കൊച്ചിയിൽ

Posted on: October 12, 2017

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ ഥാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററിൽ ഒക്‌ടോബർ 15 ന് രാവിലെ 10 മണിക്കാണ് ഥാർ ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് ആരംഭിക്കുന്നത്.

രാജ്യമെമ്പാടുമുള്ള ഥാർ വാഹന ഉടമകളുടെയും ആരാധകരുടെയും ഏറ്റവും വലിയ സംഗമമായിരിക്കും കൊച്ചിയിലെ ഥാർ ഫെസ്റ്റ്. ഓഫ് റോഡ് പരിപാടികളും ഥാറുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങളും ഒരുദിവസം നീണ്ടുനിൽക്കുന്ന ഥാർ ഉത്സവത്തിലുണ്ടാകും. ഥാർ പരേഡ്, ഫോർവീൽ ഡ്രൈവ് ട്രെയിൽ ചലഞ്ച്, മഡ് തെറാപ്പി, വിർച്ചുവൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഗെയിംസ്, റോക്ക് ക്ലൈബിംങ്, റൈഫിൾ ഷൂട്ടിങ്ങ് എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.

മത്സരങ്ങൾ അവസാനിച്ചശേഷം വൈകിട്ട് ലൈവ് മ്യൂസിക് ഷോയും നടക്കും. ഥാർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിയാൻ www.mahindraadventure.com/TharFest എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
രാജ്യത്തെ ഏറ്റവും മികച്ച ഓഫ് റോഡ് മത്സരങ്ങളിലൊന്നായ ക്ലബ് ചലഞ്ചിനും സിയാൽ കൺവെൻഷൻ സെന്റർ വേദിയാകും. ഒക്‌ടോബർ 14 നാണ് മഹീന്ദ്ര അഡ്വഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന ഈ മത്സരത്തിനു തുടക്കം. ക്ലബ് ചലഞ്ചിന്റെ മൂന്നാം പതിപ്പിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 12 ഓഫ് റോഡ് ക്ലബുകൾ പങ്കെടുക്കും.

കെടിഎം ജീപ്പേഴ്‌സ്, ആർ ആൻഡ് ടി ഓഫ് റോഡേഴ്‌സ്, ടീം ഫ്‌ളൈവീൽ, കണ്ണൂർ ഓഫ് റോഡേഴ്‌സ്, ഇൻക്രെഡിബിൾ ഓഫ് റോഡേഴ്‌സ്, കേരള അഡ്വഞ്ചർ സ്‌പോർട്‌സ് ക്ലബ്, ബോഡ ബംഗലുരു, എൻഐഒസി ഡൽഹി, എച്ച്ഒആർ നോർത്ത് ഈസ്റ്റ് മോട്ടോർ സ്‌പോർട്‌സ് ഡൽഹി, എച്ച്ഒആർ നോർത്ത് ഈസ്റ്റ്, മോട്ടോർ സ്‌പോർട്‌സ് ക്ലബ് ഓഫ് മോഘാലയ, തമിഴ്‌നാട് ഓഫ് റോഡേഴ്‌സ് കോയമ്പത്തൂർ, തിരുനെൽവേലി ഓഫ് റോഡേഴ്‌സ് എന്നീ ടീമുകളാണ് മത്സരിക്കുക.

ഒക്‌ടോബർ 14 ന് വൈകുന്നേരം 6.30 മുതൽ അർധരാത്രി വരെ, 15 ന് രാവിലെ 10 മുതൽ വൈകുന്നേരം 3.00 വരെ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് ക്ലബ് ചലഞ്ച് നടത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ ഡിവിഷൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തലവൻ വീജെയ് നക്ര പറഞ്ഞു.