മാനന്തവാടിയിൽ അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിംഗ് മത്സരം

Posted on: April 7, 2015

MTB-Kerala-2015-Big

തിരുവനന്തപുരം : മാനന്തവാടിയിൽ ഏപ്രിൽ 18 ന് അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിംഗ് മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ. പി. അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എം.ടി.ബി. കേരള 2015 (ഇന്റർനാഷണൽ ക്രോസ്‌കൺട്രി കോമ്പറ്റീഷൻ) സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ്റാണ് മൗണ്ടൻ സൈക്ലിംഗ് മൂന്നാമത് എഡിഷന്റെ വേദി.

സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഈ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര വകുപ്പ് തുടക്കം കുറിച്ച പ്രത്യേക പ്രചാരണ പരിപാടിയായ വിസിറ്റ് കേരള 2015 ന്റെ ഭാഗമായാണ് ഈ വർഷത്തെ മൗണ്ടൻ സൈക്ലിംഗ് മത്സരമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ യു.എസ്.എ, ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ, അർമേനിയ, ന്യൂസിലാൻഡ്, ബ്രൂണെ, മൗറീഷ്യസ് തുടങ്ങി 15 ൽപരം വിദേശരാജ്യങ്ങളിൽ നിന്നുള്ള സൈക്ലിംഗ് കായികതാരങ്ങളും മത്സരത്തിൽ പങ്കെടുക്കും.

വയനാട്ടിൽ രണ്ടാം തവണയാണ് എം.ടി.ബി. കേരള സംഘടിപ്പിക്കുന്നത്. പ്രിയദർശിനി തേയിലത്തോട്ടത്തിലെ അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ട് ട്രാക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുന്നുണ്ട്. മത്സരം കാണാൻ അരലക്ഷത്തിലധികം പേരെ പ്രതീക്ഷിക്കുന്നതായി മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കി.