കേരളം മികച്ച വിവാഹ ടൂറിസം ഡെസ്റ്റിനേഷനാകും

Posted on: January 5, 2023

തിരുവനന്തപുരം : കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള പ്രചാരണ പരിപാടികളുമായി ടൂറിസം വകുപ്പ്.  3വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്ക് ടൂറിസം വകുപ്പ് 2കോടിയിലധികം രൂപ അനുവദിച്ചു. കേരളത്തിന്റെ വിവാഹ ടൂറിസം സാധ്യതകളെ ആദ്യന്തരം വിദേശ സഞ്ചാരികളെ പരിചയപ്പെടുത്താനും അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

‘ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ക്യാംപെയ്ന്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്‌സ്’, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ് ഡിസ്‌പ്ലേ ആഡ്‌സ്’, ‘പ്രൊമോഷന്‍ ഓഫ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മൈക്രോസൈറ്റ്’ എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. ഇതിലൂടെ വിവാഹ ടൂറിസത്തിനു ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും.

കേരളത്തിന്റെ ടൂറിസം സാധ്യതകളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവാഹ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന ആശയം. ഈ സാഹചര്യത്തില്‍ അതിനെ പരമാവധി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം പ്രചാരണ പരിപാടികളെന്ന് ടൂറിസം മന്ത്രിപി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ട്രാവല്‍ പ്ലസ് ലെഷര്‍ മാഗസിന്‍ കേരളത്തെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തിരുന്നു.