സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജുമായി കെടിഡിസി

Posted on: April 4, 2022

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജിന് കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) തുടക്കമിട്ടു. സംസ്ഥാന കാരവന്‍ ടൂറിസം പദ്ധതിക്ക് ഊര്‍ജമേകുന്ന ആകര്‍ഷകമായ ‘കാരവന്‍ ഹോളിഡെയ്‌സ്’ പാക്കേജ് വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിയോട് ഒത്തിണങ്ങിയ ഏറ്റവും മികച്ച യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്. സൗജന്യ പ്രഭാതഭക്ഷണവും പാര്‍ക്കിങ്ങും ലഭ്യമാക്കുന്ന മിതമായ നിരക്കിലുള്ള പാക്കേജാണിത്.

ആഡംബര കാരവനുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയും നികുതിയും യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമായി നല്‍കണം. ഇതിനുപുറമേ കിലോമീറ്ററിന് 40 രൂപ ക്രമത്തില്‍ യാത്രാനിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കാരവനില്‍ നാലു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും വരെ യാത്ര ചെയ്യാം.
സംസ്ഥാനത്തെ ആതിഥേയമേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കെടിഡിസി കാരവന്‍ സേവന ദാതാക്കളുമായി കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കുമരകം-വാഗമണ്‍-തേക്കടി റൂട്ടാണ് പാക്കേജിന് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാതത്തില്‍ കുമരകം കായലോരത്തു നിന്നും യാത്ര തുടങ്ങി 80-100 കിലമീറ്ററോളം സുന്ദരകാഴ്ചകള്‍ ആസ്വദിച്ച് മധ്യകേരളത്തിലൂടെ യാത്രചെയ്ത് ഉച്ചയ്ക്കു ശേഷം വാഗമണ്ണില്‍ എത്തും. വാഗമണ്ണിലെ കാരവന്‍ മെഡോസില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും തീകായുന്നതിനും സൗകര്യമുണ്ട്.

അടുത്ത ദിവസം ഇക്കോടൂറിസം ഹബ്ബായ തേക്കടിയിലേക്ക് തിരിക്കും. അവിടെയുള്ള കെടിഡിസിയുടെ ഹോട്ടലുകളില്‍ താമസിക്കാം. ഒരു ദിവസം തങ്ങിയുള്ള യാത്രയോ, മുഴുവന്‍ റൂട്ടിലേക്കുള്ള യാത്രയോ സഞ്ചാരികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായതിനാല്‍ കെടിഡിസിയുടെ ആകര്‍ഷകമായ ഈ ടൂര്‍പാക്കേജിന് ഏറെ പ്രധാന്യമുണ്ടെന്ന് കെടിഡിസി ചെയര്‍മാന്‍ പികെ ശശി പറഞ്ഞു. ആഭ്യന്തര – രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ ഏറ്റവും മികച്ച യാത്രാനുഭവം ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് കൊവിഡ് മഹാമാരിയാലുണ്ടായ മാന്ദ്യത്തില്‍ നിന്നും അതിവേഗം കരകയറാന്‍ ഈ പാക്കേജ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു.
അടുത്തിടെ പ്രഖ്യാപിച്ച കാരവന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യമായി നടപ്പിലാക്കുന്ന പാക്കേജാണിതെന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ വി വിഘ്‌നേശ്വരി പറഞ്ഞു. ‘കാരവന്‍ ഹോളിഡെയ്‌സിന്’ വിനോദസഞ്ചാര മേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സൗജന്യ വെജിറ്റേറിയന്‍ പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവ കാരവനിലും പലഹാരം, ചായ, കോഫി എന്നിവ പാര്‍ക്കിലും നല്‍കും. തീകായല്‍ അനുഭവവും ഇന്റര്‍നെറ്റ് സൗകര്യവും വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാകും.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ഇഡ്‌ലി, ദോശ, അപ്പം, ഇടിയപ്പം, സാമ്പാര്‍, ചമ്മന്തി, പഴച്ചാറ്, റൊട്ടി, ബട്ടര്‍, ജാം, കോണ്‍ഫ്‌ളേക്ക്, പോറിഡ്ജ് എന്നിവയും വടക്കേ ഇന്ത്യന്‍ വിഭവങ്ങളായ പൂരി ബാജി, സ്റ്റഫ്ഡ് പറോട്ട എന്നിവയും കറികള്‍ക്കൊപ്പം ലഭ്യമാക്കും.

 

TAGS: KTDC |