ക്രൂയിസ് ടൂറിസത്തിന് തുടക്കമിട്ട് കോസ്റ്റ വിക്‌ട്രോറിയ കൊച്ചിയില്‍

Posted on: November 14, 2019

കൊച്ചി : കേരളത്തില്‍ ക്രൂയിസ് കോസ്റ്റ ടൂറിസത്തിന് തുടക്കമിട്ട് ആഡംബര കപ്പലായ കോസ്റ്റ വിക് ടോറിയ കൊച്ചിയിലെത്തി. കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ നാലാമത്തെ സീസണാണ് ഇത്.

ആതിഥേയത്വം, ഭക്ഷണം, സ്‌റ്റൈല്‍, വിനോദം തുടങ്ങിയവയിലെല്ലാം നൂതനമായ ഇറ്റാലിയന്‍ ടച്ച് ചേര്‍ന്നതാണ് കോസ്റ്റയുടെ അവധിക്കാല ക്രൂയിസുകള്‍ 2020 മാര്‍ച്ച് നാലുവരെ ഇന്ത്യയില്‍ തുടരും. കൂടാതെ കോസ്റ്റയുടെ ആദ്യ എല്‍. എന്‍. ജി. ക്രൂയിസായ കോസ്റ്റ സ്‌മെറാള്‍ഡ ഡിസംബര്‍ 21- ന് അവതരിപ്പിക്കും.

ഇന്ത്യയിലേക്ക് മൂന്നു മുതല്‍ ഏഴു രാത്രിവരെ ക്രൂയിസുകള്‍ പാക്കേജ് നടത്തുന്ന രാജ്യാന്തര ലൈനറാണ് കോസ്റ്റ, മുംബൈ – കൊച്ചി, കൊച്ചി-മാലദ്വീപ്, മുംബൈ-മാലദ്വീപ്, മാലദ്വീപ്-മുംബൈ എന്നിങ്ങനെയാണ് ക്രൂയിസ് പാക്കേജ്. കൊച്ചി-മാലദ്വീപ് പാക്കേജിന് 26,800 രൂപയാണ് ആരംഭ വില.

ദക്ഷിണേന്ത്യന്‍ സഞ്ചാരികളില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ നിന്നു പുറപ്പെടുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ട്. കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്കുള്ള കോര്‍പറേറ്റ് ബുക്കിംഗിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കോസ്റ്റ ക്രൂയിസ് അധികൃതര്‍ അറിയിച്ചു. 800 പേരാണ് കൊച്ചിയില്‍ നിന്ന് കോസ്റ്റല്‍ യാത്ര തിരിച്ചത്. കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്രൂയിസ് ടെര്‍മിനല്‍ ലഭ്യമാക്കുന്നതോടെ കൂടുതല്‍ ക്രൂയിസുകള്‍ കേരത്തിലെത്തുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന പറഞ്ഞു. കപ്പലില്‍ മൂന്നു നീന്തല്‍ക്കുളങ്ങളും അഞ്ച് റെസ്റ്റോറന്റും 10 ബാറും വെല്‍നസ് ഏരിയ, ജിം, ജോഗിംഗ് ട്രാക്ക് ഏരിയകളും ഉണ്ട്. ഷോപ്പിംഗ്, തിയേറ്റര്‍, കാസിനോ, കോണ്‍ഫറന്‍സ് റൂം, ഡാന്‍സ് ഹാള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. സീ വ്യൂ, ബാല്‍ക്കണി, സ്യൂട്ട് എന്നിവയുള്‍പ്പെടെ 946 മുറികളാണ് ക്രൂയിസ് കപ്പലിലുള്ളത്. 2,394 അതിഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

ലോട്ടസ് ഏറോ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ നളിനി ഗുപ്ത, കോസറ്റ് വിക് ടോറിയ ഹോട്ടല്‍ ഡയറക്ടര്‍ ഇസബെല്‍ കുസ്മിക്, ക്യാപ്റ്റന്‍ സോക്രട്ടീസ് സ്‌ക്ലവോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.