വ്യക്തിഗത യാത്രാനുഭവങ്ങളെ പരിപോഷിപ്പിക്കാൻ ഐസിടിടി ടൂറിസം സമ്മേളനം

Posted on: September 24, 2019

കൊച്ചി : ടൂറിസം രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആഗോളതലത്തിലുള്ള പ്രവണതകളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടക്കുന്ന 3-ാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി(ഐസിടിടി)യ്ക്ക് വ്യാഴാഴ്ച കൊച്ചിയിൽ തുടക്കമാകും.

കൊച്ചിയിലെ ലെ മെറഡിയൻ കൺവെൻഷൻ സെൻററിൽ നടക്കുന്ന ദ്വിദിന സമ്മേളനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ടൂറിസം മേഖലയിൽ നിർമ്മതി ബുദ്ധിയുടെ ഉപയോഗം, ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുക തുടങ്ങിയവയാണ് 3-ാം സമ്മേളനത്തിൻറെ പ്രധാന ഏടുകൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയി)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

 ഹൈബി ഈഡൻ എം പി, കേരള ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, കേരള ടൂറിസം ഡയറക്ടർ പി ബാല കിരൺ, കെടിഡിസി എംഡി രാഹുൽ ആർ, ബേക്കൽ റിസോർട്‌സ് ഡെവലപ്മൻറ് കോർപറേഷൻ എംഡി ടി കെ മൻസൂർ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.

രാജ്യത്തെ ടൂറിസം മേഖലയെ ഒരു വേദിയിലേക്ക് കൊണ്ടുവരികയെന്നതാണ് ഈ സമ്മേളനത്തിൻറെ ലക്ഷ്യമെന്ന് ഐസിടിടി കൺവീനർ അനീഷ് കുമാർ പി കെ പറഞ്ഞു. ലോക ടൂറിസം ദിനമായ സെപ്തംബർ 27 ന് ഐസിടിടി വേദിയിൽ പ്രത്യേക പരിപാടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം രാവിലെ ഐസിടിടി പ്രതിനിധികൾ അണിനിരക്കുന്ന അക്ഷരദൃശ്യം (ഹ്യൂമൻ ഫോർമേഷൻ) സംഘടിപ്പിക്കും. സമൂഹമാധ്യമങ്ങൾ വഴി ലോക ടൂറിസം ദിനത്തിൻറെ സന്ദേശം എത്തിക്കുന്നതിനാണിത്.

ആധുനിക ലോകത്തിൻറെ സാങ്കേതിക വിദ്യയെ ടൂറിസം വ്യവസായത്തിൻറെ ഉന്നമനത്തിനു വേണ്ടി പ്രാപ്തമാക്കുകയെന്നതാണ് ഐസിടിടിയുടെ ലക്ഷ്യം. രാജ്യത്തെ ടൂറിസം വ്യവസായത്തെ ആഗോളതലത്തിൽ മത്സരക്ഷമമാക്കാനും ഇതു വഴി സാധിക്കും. പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ ഈ സമ്മേളനത്തിലൂടെ ടൂർ ഓപ്പറേറ്റർ വ്യവസായത്തിന് സാധിക്കുമെന്ന് അറ്റോയി സെക്രട്ടി മനു പി.വി. പറഞ്ഞു.

ചൈനീസ് ടൂറിസം വിപണിയെ ആകർഷിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നയിക്കുന്നത് ബെയ്ജിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന റിച്ചാർഡ് മാറ്റുസെവിക് ആണ്. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ, സെർച്ച് എൻജിൻ ഓപ്പറേറ്റർമാർ, സമൂഹ മാധ്യമ പ്രതിനിധികൾ, ബ്ലോഗർമാർ തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുക്കും.

ഇംപാക്ട് ഓഫ് ഇൻഫ്‌ളുവെൻഷ്യൽ മാർക്കറ്റിംഗ് ഇൻ ടൂറിസം(എല്ലി ഷെഡെൻ, ഓസ്‌ട്രേലിയ), ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ട്രാവൽ റവല്യൂഷൻ (ഹാൻസ് ലോഷ്, ജർമ്മനി), സീക്രട്ട് ഓഫ് സെർച്ച് എൻജിൻ റാങ്കിംഗ്‌സ് (ഷേൻ ഡാലസ്, കെനിയ) ഹൗടു ക്രിയേറ്റ് എ ഗുഡ് സ്റ്റോറി എബൗട്ട് യുവർ ബ്രാൻഡ് (ജെൻ മോറില്ല, യുഎസ്), ഹൗ ടു യൂസ് യൂട്യൂബ് ഫോർ ഡെസ്റ്റിനേഷൻ പ്രൊമോഷൻ (ജെസിക്ക ഹീതർ ഹ്യൂമെൻ, യുഎസ്) പ്രോഗ്രാം ടിപ്‌സ് ഫോർ ഇംപ്രൂവിംഗ് ഇഎടി എസ്ഇഒ (ഷോൺ പാട്രിക് സി, ഫിലിപൈൻസ്) എന്നീ വിഷയങ്ങളിലും സെഷനുകൾ ഉണ്ടാകും.