പൂവാറും ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ

Posted on: February 24, 2019

തിരുവനന്തപുരം : കേരളത്തിന്റെ തെക്കൻ കടലോരത്ത് അതിവേഗം വികസിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിൽ ആഗോള പ്രശസ്തി നേടിയ ഉത്തരവാദിത്ത ടൂറിസവുമെത്തി. ടൂറിസം വികസനത്തിൽ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുകയുമാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ലക്ഷ്യം.

പൂവാറിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അജിതകുമാരി എംഎസ് നിർവഹിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിസ്തി മൈദീൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂവാർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അലി എ, ടൂറിസം വകുപ്പ് ഡെപ്യൂട്ടീ ഡയറക്ടർ ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ സ്വാഗതവും മിഥുൻ എംകെ നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള ഏകദിന അവബോധന ശിൽപ്പശാലയും നടന്നു. കെ രൂപേഷ് കുമാർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കേരളത്തിൽ എന്ന വിഷയം അവതരിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് കോ-ഓർഡിനേറ്റർ ബിജി സേവ്യറും ജില്ലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ കോ-ഓർഡിനേറ്റർ മിഥുൻ എംകെ യും വിവരിച്ചു.

പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തോട് ചേർന്നുകിടക്കുന്ന മത്സ്യബന്ധന ഗ്രാമമായ പൂവാറിൽ വളരെ വേഗത്തിലാണ് ടൂറിസം വികസനമുണ്ടായത്. ഇതിന് അനുബന്ധമായാണ് നാട്ടുകാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉത്തരവാദിത്ത ടൂറിസവുമെത്തുന്നത്. നെയ്യാറിന്റെ വിശാലമായ നദീമുഖവും കണ്ടൽകാടുകളും സമുദ്രസാമീപ്യവും പ്രശാന്ത സുന്ദരമായ അന്തരീക്ഷമാണ് പൂവാറിനു പ്രദാനം ചെയ്യുന്നത്.