കേരള ടൂറിസത്തിന് രണ്ട് പാറ്റാ ഗോൾഡ് പുരസ്‌കാരങ്ങൾ

Posted on: September 18, 2018

തിരുവനന്തപുരം : കേരള ടൂറിസത്തിന് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) നൂതനപ്രചാരണത്തിനുള്ള രണ്ട് സുവർണ പുരസ്‌ക്കാരങ്ങൾ. മലേഷ്യയിലെ ലങ്കാവിയിൽ നടന്ന പാറ്റ ട്രാവൽ മാർട്ടിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ സുദേഷ്ണ രാംകുമാർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.

ഗൾഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള യല്ല കേരള എന്ന പ്രചാരണത്തിനാണ് ആദ്യ സുവർണ പുരസ്‌കാരം ലഭിച്ചത്. ഗൾഫിൽ നിന്ന് നാലുമണിക്കൂർ മാത്രം അകലെയുള്ള കേരളത്തിന്റെ, ഹരിത ഭംഗിയും കായലുകളും പ്രദർശിപ്പിക്കുന്നതായിരുന്ന പ്രചാരണം.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാല കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് രണ്ടാം പുരസ്‌കാരം. നേരെയും തലകുത്തനെയും പിടിച്ചാൽ ഒരുപോലെ തോന്നിപ്പിക്കുന്ന വർണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവൻതുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്.

കേരള ടൂറിസത്തിനു പാറ്റയുടെ രണ്ടു സുവർണ പുരസ്‌കാരങ്ങൾ നേടാനായത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അഭിമാനകരമായ പാറ്റാ പുരസ്‌കാരങ്ങൾ വൻതോതിൽ സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളുടെ പകിട്ടിനു തെളിവാണെന്ന് കേരള ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു.