ഇൻഫോപാർക്ക് ആപ്

Posted on: September 27, 2014

Infopark-App-bigഐടി മേഖലയിലെ തൊഴിലവസരങ്ങൾ നേരിട്ടറിയാൻ ഇൻഫോപാർക്ക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കൊച്ചി ഇൻഫോപാർക്കിലെ 130 കമ്പനികളിലെ തൊഴിലവസരങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉദ്യോഗാർത്ഥികൾക്കു നേരിട്ടു ലഭിക്കുന്നത്.

ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കാബട്ട് ടെക്‌നോളജി സൊല്യൂഷൻസാണ്, ആൻഡ്രോയ്ഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്യോഗാർത്ഥികളെയും തൊഴിൽദാതാക്കളെയും ഒരു പോലെ സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ കാലത്തിനൊപ്പമുള്ള ചുവടുവയ്പ്പാണെന്ന് ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ പറഞ്ഞു.

എല്ലാ ആഴ്ചയും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ ഉദ്യോഗാർത്ഥികൾക്കു മുന്നറിയിപ്പു നൽകാനും കഴിയുമെന്ന് കാബട്ട് ടെക്‌നോളജി സൊല്യൂഷൻസ് സിഇഒ വെങ്കിടേഷ് ത്യാഗരാജൻ പറഞ്ഞു.കമ്പനികളുടെ പ്രവർത്തനമേഖല, മാനേജ്‌മെന്റ്, തൊഴിലവസരങ്ങൾ, ഹ്യൂമൻ റിസോഴ്‌സസ് വിഭാഗവുമായി ബന്ധപ്പെടേണ്ട വിവരങ്ങൾ തുടങ്ങിയവ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്കിലും പരിസരത്തുമുള്ള ആശുപത്രി, ബാങ്ക്, എടിഎം, പോലീസ് സ്‌റ്റേഷൻ, പെട്രോൾ പമ്പ്, ജിംനേഷ്യം തുടങ്ങിയ വിവിധ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇൻഫോപാർക്കിലെ കെട്ടിടങ്ങളുടെ ലൊക്കേഷൻ മാപ്പും ലഭ്യമാണ്.