കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റിങ്ക് ഡെമോ ഡേ 30 ന്

Posted on: June 24, 2021

കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം നല്‍കിയ റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയുടെ (റിങ്ക്) ഡെമോ ഡേ ജൂണ്‍ 30 ന്.

വാണിജ്യ കൂട്ടായ്മയായ ടൈ കേരളയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡെമോ ഡേയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മന്റ് ആന്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗിന്റെ(സി-ഡാക്) ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആരോഗ്യ-വൈദ്യശാസ്ത്ര സാങ്കേതികവിദ്യ, സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ്, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള 10 ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ഉത്പന്നങ്ങള്‍ വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ തന്നെ കാണാവുന്നതാണ്. എന്നാല്‍ വിദഗ്ധരുമായുള്ള തത്സമയ കൂടിക്കാഴ്ചകള്‍, ആശയവിനിമയം എന്നിവ ജൂണ്‍ 30 ന് നടക്കും.

ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.

താത്പര്യമുള്ളവര്‍ക്ക് https://rink.startupmission.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://rinkevents.startupmission.in/demo-day എന്ന വെബ്‌സൈറ്റിലൂടെ ഡെമോ ഡേ പരിപാടികളില്‍ പങ്കെടുക്കാം.