വി-ഗാര്‍ഡിലും വണ്ടര്‍ലയിലും ഓഹരിക്കൈമാറ്റം

Posted on: December 21, 2019

കൊച്ചി : വി-ഗാര്‍ഡിലും വണ്ടര്‍ലായിലും ഉടമകള്‍ തമ്മില്‍ ഓഹരിക്കൈമാറ്റം. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളിക്ക് അമ്മ ഷീല കൊച്ചൗസേപ്പ് 3.56 കോടി ഓഹരികള്‍ സമ്മാനിച്ചു. വി-ഗാര്‍ഡിന്റെ 8.31 ശതമാനം ഓഹരികള്‍ വരുമിത്. ഇതോടെ, കമ്പനിയില്‍ മിഥുന്റെ പങ്കാളിത്തം 25.18 ശതമാനമായി ഉയരുകയും ഷീലയുടേത് 2.56 ശതമാനമായി കുറയുകയും ചെയ്യും.

വണ്ടര്‍ലാ ഹോളിഡെയ്‌സില്‍ മിഥുന്‍ ചിറ്റിലപ്പിള്ളിക്കുള്ള 62.70 ലക്ഷം ഓഹരികള്‍ അമ്മ ഷീല കൊച്ചൗസേപ്പ് കൈമാറി. 11.09 ശതമാനം ഓഹരി വരുമിത്. ഇതും സമ്മാനമായാണ് കൈമാറിയിരിക്കുന്നത്. ഇതോടെ വണ്ടര്‍ലാ ഹോളിഡെയ്‌സില്‍ മിഥുന്‍ ഓഹരി പങ്കാളിത്തം പൂര്‍ണമായി ഒഴിഞ്ഞു. ഷീലയുടെ പങ്കാളിത്തം 21.61 ശതമാനമായി കൂടുകയും ചെയ്തു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയ സംരംഭങ്ങളാണ് ഇവ രണ്ടും. കുടുംബത്തിനുള്ളിലെ സ്വത്ത് വീതംവയ്ക്കലിന്റെ ഭാഗമാണ് ഈ ഇടപാടുകള്‍ എന്നാണ് സൂചന.

TAGS: V - Guard | Wonderla |