ഡി സി ബി ബാങ്കിന് ലാഭത്തിൽ വർധന

Posted on: November 3, 2014

DCB-Bank-Branch-big

ഡി സി ബി ബാങ്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 41 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 24 ശതമാനം കൂടുതലാണിത്. പലിശ ഇനത്തിലുള്ള അറ്റാദായം 24.5 ശതമാനം വർധിച്ചതിനാലാണ് ലാഭം ഇത്രയേറെ ഉയർന്നതെന്ന് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവർത്തനച്ചെലവ് 78 കോടി രൂപയിൽനിന്ന് 95 കോടിയായി ഉയർന്നിട്ടും ലാഭം വർധിപ്പിക്കാൻ കഴിഞ്ഞു.

ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം ഉയർന്നതിനാലാണ് പ്രവർത്തനച്ചെലവ് വർധിച്ചതെന്ന് ബാങ്ക് എം ഡി യും സി ഇ ഒയുമായ മുരളി നടരാജൻ ചൂണ്ടിക്കാട്ടി. തൃപ്തികരമായ ബിസിനസ് വളർച്ച തുടരാൻ കഴിയുന്നുണ്ട്. നിഷ്‌ക്രിയ ആസ്തി ഇനിയും ഉയരാതിരിക്കാനുള്ള ശ്രമത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാസൽ-3 മാനദണ്ഡ പ്രകാരമുള്ള ബാങ്കിന്റെ കരുതൽ മൂലധന അനുപാതം 13.04 ശതമാനവും ടയർ -1 കരുതൽ മൂലധന അനുപാതം 12.16 ശതമാനവുമാണ്.