മുത്തൂറ്റ് ഫിനാൻസിന് 291 കോടി രൂപ അറ്റാദായം

Posted on: February 17, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് 2016 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 291 കോടി രൂപ അറ്റാദയം നേടി. മുൻവർഷമിതേ കാലയളവിലെ 187 കോടി രൂപയേക്കാൾ 56 ശതമാനം വർധനയാണ് അറ്റാദായത്തിലുണ്ടായിട്ടുള്ളതെന്ന് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് പറഞ്ഞു.
നടപ്പുസാമ്പത്തിക വർഷം ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റാദായം മുൻവർഷം ഇതേ കാലയളവിലേതിനേക്കാൾ 58 ശതമാനം വർധിച്ച് 858 കോടി രൂപയിലെത്തി. 2015-16 മുഴുവർഷത്തെ അറ്റാദായം 810 കോടി രൂപയായിരുന്നു.

നടപ്പുവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് റീട്ടെയിൽ വായ്പ 11 ശതമാനം വർധനയോടെ 2583 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിൽ നൽകിയ വായ്പ 1583 കോടി രൂപയാണ്. ഡിസംബർ 31 വരെ കമ്പനി മൊത്തം നൽകിയിട്ടുള്ള വായ്പ 26,962 കോടി രൂപയാണെന്നും അദേഹം പറഞ്ഞു.

നടപ്പുവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനികളെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മൈക്രോ ഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന സബ്‌സിഡയറിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസിലെ ഓഹരി പങ്കാളിത്തം റിപ്പോർട്ടിംഗ് ക്വാർട്ടറിൽ 57.16 ശതമാനത്തിൽ നിന്ന് 64.60 ശതമാനമായി ഉയർത്തിയതായി അദേഹം അറിയിച്ചു.

ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ലോൺ പോർട്ട്‌ഫോളിയോ ഒമ്പതു മാസക്കാലത്ത് 72 ശതമാനം വർധനയോടെ 454 കോടി രൂപയിലെത്തി. ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 7 കോടി രൂപയാണ്. 2015-16- മുഴുവർഷത്തിലെ അറ്റാദായം ആറു കോടി രൂപയായിരുന്നു. ഡിസംബറിലവസാനിച്ച ക്വാർട്ടറിൽ ബെൽ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ നിഷ്‌ക്രിയ ആസ്തി 0.02 ശതമാനമാണ്.

മുത്തൂറ്റ് ഫിനാൻസിന്റെ ഭവനവായ്പ സബ്‌സിഡിയറിയാ മുത്തൂറ്റ് ഹോംഫിൻ ഇന്ത്യയുടെ നടപ്പുവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് 204 കോടി രൂപ വായ്പ നൽകി. മുൻവർഷമിതേ കാലയളവിൽ നൽകിയത് 173 കോടി രൂപയായിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 11 കോടി രൂപയും അറ്റാദായം 73 ലക്ഷം രൂപയുമാണ്. 2015-16 മുഴുവർഷത്തിൽ നേടിയ വരുമാനം രണ്ടു കോടി രൂപയും അറ്റാദായം 1.47 ലക്ഷം രൂപയുമായിരുന്നു.

മുത്തൂറ്റ് ഫിനാൻസിന്റെ സമ്പൂർണ സബ്‌സിഡിയറിയായ മുത്തൂറ്റി ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പുവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് 44 കോടി രൂപ പ്രീമിയം ശേഖരിച്ചു. മുൻവർഷം മുഴുവർഷത്തിൽ നേടിയ പ്രീമിയം 49 കോടി രൂപയായിരുന്നു.

കമ്പനിയുടെ ശ്രീലങ്കൻ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാൻസ് നടപ്പുവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് നൽകിയ വായ്പ 25 ശതമാനം വളർച്ചയോടെ 856 കോടി ശീലങ്കൻ രൂപയിലെത്തി. ഈ കാലയളവിലെ വരുമാനം 155 കോടി എൽകെആറും (മുൻവർഷം മുഴുവർഷത്തെ വരുമാനം 139 കോടി എൽകെആർ) അറ്റാദായം 19 കോടി എൽകെആറും (മുൻവർഷത്തിൽ 18 കോടി എൽകെആർ) ആണ്.