കെഎസ് യുഎമ്മിന് യുബിഐ ഗ്ലോബലിന്റെ ലോകോത്തര പൊതു ബിസിനസ് ആക്‌സിലറേറ്റര്‍ പുരസ്‌കാരം

Posted on: November 8, 2019

തിരുവനന്തപുരം: കേരളത്തിന്റെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് കരുത്തായിമാറിയ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബിഐ ഗ്ലോബലിന്റെ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള പൊതു ബിസിനസ് ആക്‌സിലറേറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി. ഖത്തറിലെ ദോഹയില്‍ നടന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയിലാണ് കെഎസ് യുഎമ്മിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബൗദ്ധിക, മൂല്യനിര്‍ണയ, ബിസിനസ് ഇകുബേഷന്‍ മാപ്പിങ്ങ് സ്ഥാപനമായ യുബിഐ ഗ്ലോബലിന്റെ അംഗീകാരം ലഭിച്ചത്.

ആഗോള ഇന്‍കുബേഷന്‍ പ്രോഗ്രാമുകളുടെ സമഗ്ര വിവരങ്ങള്‍ വിലയിരുത്തുമ്പോള്‍ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാദേശിക പരിസ്ഥിതിക്കും അനുയോജ്യവും മൂല്യവത്തുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കെഎസ് യുഎം നേതൃത്വം നല്‍കുന്നതെന്ന് യുബിഐ ഗ്ലോബല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹോള്‍ഗര്‍ മേയര്‍ പറഞ്ഞു. കടുത്ത ഡേറ്റ അധിഷ്ഠിത രീതിയിലൂടെ ലോകമെമ്പാടുമുള്ള നിശ്ചിത നിലവാരമുള്ള ഇന്‍കുബേഷന്‍ പദ്ധതികള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് ഇസ്ലാമിക് ആര്‍ട് മ്യൂസിയത്തില്‍ വച്ച് സംഘടിപ്പിച്ച ഈ വര്‍ഷത്തെ യുബിഐ പുരസ്‌കാരദാന ചടങ്ങില്‍ ‘വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2019-2020’ ന്റെ അടിസ്ഥാനത്തില്‍ മുന്‍നിര ബിസിനസ് ഇന്‍കുബേറ്ററുകളുടേയും ആക്‌സിലറേറ്ററുകളുടേയും പട്ടികയും പുറത്തിറക്കി. ലോകത്തിലെ പ്രമുഖ സ്ഥാപനമായ യുബിഐ ഗ്ലോബലില്‍ നിന്നും ലോകത്തിലെ മികച്ച പൊതു ബിസിനസ് ആക്‌സിലറേറ്റര്‍ അംഗീകാരം നേടിയെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് കെഎസ് യുഎം സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. കേരളത്തിനനുയോജ്യമായ ഇന്‍കുബേഷന്‍ പരിസ്ഥിതി ലഭ്യമാക്കുന്നതിനും യുവജനങ്ങളുടെ ക്രിയാത്മക ശേഷിയെ ഉപയുക്തമാക്കുന്നതിനും അംഗീകാരം ഊര്‍ജ്ജംപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തിന്റെ പശ്ചാത്തലത്തില്‍ 78 രാജ്യങ്ങളിലെ 364 പ്രോഗ്രാമുകളെയാണ് തെരഞ്ഞെടുത്തത്. ലോകത്തിലെ മുന്‍നിര യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്‍കുബേറ്റര്‍, പബ്ലിക് ബിസിനസ് ഇന്‍കുബേറ്റര്‍, സ്വകാര്യ ബിസിനസ് ഇന്‍കുബേറ്റര്‍, യൂണിവേഴ്‌സിറ്റി ബിസിനസ് ആക്‌സിലറേറ്റര്‍, പൊതു ബിസിനസ് ആക്‌സിലറേറ്റര്‍, സ്വകാര്യ ബിസിനസ് ആക്‌സിലറേറ്റര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെ നിര്‍വ്വഹണത്തിനും നയരൂപീകരണത്തിനുമുള്ള ഉത്തരവാദിത്തം കെഎസ് യുഎമ്മിനാണ്. അടിസ്ഥാനസൗകര്യം, മാനവ മൂലധന വികസനം, ഫണ്ടിംഗ്, ഗവേണന്‍സ്, പൊതുസ്വകാര്യ പങ്കാളിത്തം, ആഗോള സഹകരണം, പരിധി ഉയര്‍ത്തല്‍, ആശയങ്ങളെ സ്വകാര്യമേഖലയില്‍ നിന്നും ഫണ്ട് ലഭിക്കത്തക്ക രീതിയിലുള്ള പുതിയ സ്റ്റാര്‍ട്ടപ്പുകളായി വികസിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സ്‌കൂള്‍തലം മുതല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്കും കെഎസ് യുഎം നേതൃത്വം നല്‍കുന്നുണ്ട്.

സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ് നയത്തിലൂന്നി യുവജനങ്ങളില്‍ സംരംഭകത്വം വികസിപ്പിക്കുന്ന മികച്ച സര്‍ക്കാര്‍ ഏജന്‍സിക്കുള്ള പുരസ്‌കാരം കെഎസ് യുഎം കേരള മുഖ്യമന്ത്രിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം സ്വീകരിച്ചിരുന്നു.

2012 വരെ 17 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളം മാറിയതായി ടൈ കേരളയുടെ സഹകരണത്തോടെ ഡിജിറ്റല്‍ മാധ്യമമായ ഇന്‍ക് 42 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംസ്ഥാനത്തെ 2,200 സംരംഭങ്ങളിലൂടെയാണ് ഈ വളര്‍ച്ച. നാളിതുവരെ 89 ദശലക്ഷം ഡോളറിന്റെ ഫണ്ട് കണ്ടെത്തുന്നതിനും കഴിഞ്ഞു. ഈ വര്‍ഷം 13 ഇടപാടുകളിലൂടെ 44 ദശലക്ഷം ഡോളര്‍ ഫണ്ടാണ് സംസ്ഥാനത്തിന് ലഭ്യമായത്. 2019 ല്‍ 553 ഫണ്ടിംഗ് ഇടപാടുകള്‍ നടത്തി 900 കോടി ഡോളര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് പരിസ്ഥിതിക്ക് നേടാനായി.

TAGS: KSUM | UBI Global |