കെഎസ്യുഎം സംരംഭമായ ജെപിഎന്‍മിയുടെ എസ്‌കെഎഡ്യു ആപ്പ് പുറത്തിറങ്ങി

Posted on: November 24, 2020

കൊച്ചി : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സമഗ്രമായ വികാസത്തിനുതകുന്ന വിദ്യാഭ്യാസ സാങ്കേതിക ആപ്പായ എസ്‌കെഎഡ്യു ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന ജെപിഎന്‍ മി എന്ന സംരംഭത്തിന്റേതാണ് ആപ്പ്.

വിദ്യാഭ്യാസ സാങ്കേതികവിദ്യാ വിഭാഗത്തില്‍ 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെപിഎന്‍ മി. വെര്‍ച്വലായി നടക്കുന്ന ഉദ്ഘാടനത്തിനു പുറമെ ദേശീയ വിദ്യാഭ്യാസ നയം 2020- സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് സമഗ്രവികസനം നല്‍കുന്നതില്‍ സാങ്കേതികവിദ്യയ്ക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് വെബിനാറും സംഘടിപ്പിച്ചു.

സ്‌കൂളുകള്‍ മുഖാന്തിരമാണ് എസ്‌കെഎഡ്യു ആപ്പ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം വിലയിരുത്തല്‍, വ്യക്തിപരമായ കരുതല്‍, കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തല്‍, പഠനവും സ്വഭാവരൂപീകരണവും മെച്ചപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി, കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരം തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും.

കുട്ടികള്‍ക്ക് നല്‍കുന്ന ബ്രെയിന്‍ പരീക്ഷ, കഴിവുകള്‍ വിലയിരുത്തല്‍, സംഘബോധം, തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ പരിശോധിക്കുകയും അതില്‍ മെച്ചപ്പെടുത്തേണ്ടതിനെ കണ്ടെത്തി പ്രത്യേക കരുതല്‍ നല്‍കുകയും ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കും.

നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗുമടക്കമുള്ള സാങ്കേതികവിദ്യ ഈ ആപ്പില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ നൈപുണ്യം അടിസ്ഥാനമാക്കിയുള്ള പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരമ്പരാഗത പാഠ്യപദ്ധതിയില്‍ നിന്ന് ഇത് ഏറെ വ്യത്യസ്തമാണ്. പുതിയ രീതിയ്ക്ക് അടിസ്ഥാനമായാണ് ഈ ആപ്പിന്റെ നിര്‍മ്മാണമെന്നും ജെപിഎന്‍മി അറിയിച്ചു.

TAGS: KSUM | SKADU APP |