‘ഫിന്‍ടെക് യാത്ര 2019’ അവതരിപ്പിച്ച് എന്‍പിസിഐ

Posted on: September 7, 2019

കൊച്ചി: ഫിന്‍ടെക് മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനായി നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് മീറ്റപ്പുമായി ചേര്‍ന്ന് ‘ഫിന്‍ടെക് യാത്ര’യുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു.

പതിനായിരം കിലോമീറ്റര്‍ റോഡ് യാത്രയിലൂടെ ഇന്ത്യന്‍ ഫിന്‍ടെക് ആവാസ വ്യവസ്ഥയെ മനസിലാക്കുകയും ഈ മേഖല നേരിടുന്ന വെല്ലുവിളികളെ നിര്‍ണയിക്കുകയും ചെയ്യുന്നതിനൊപ്പം സഹകരണത്തിനുള്ള അവസരങ്ങളും ഈ യാത്ര ലക്ഷ്യമിടുന്നു. അടുത്ത വന്‍ ഫിന്‍ടെക് ആശയത്തെ കണ്ടെത്തുകയെന്നതും ഈ യാത്രയുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോമേഷന്‍ ടെക്‌നോളജി മന്ത്രാലയം (മെയ്റ്റ് വൈ) സെക്രട്ടറി അജയ് പ്രകാശ് സ്വാനെയാണ് ഫിന്‍ടെക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഡിജിറ്റല്‍ ഇന്ത്യ, മെയ്റ്റ് വൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബ്, ഫിന്‍ടെക്‌സ് സിഒഇ, ഡിജിറ്റല്‍ ധന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ മന്ത്രാലയം ഈ മേഖലയില്‍ രാസത്വരകമായി പ്രവര്‍ത്തിക്കുകയാണെന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അജയ് പ്രകാശ് സ്വാനെ പറഞ്ഞു. ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിന്‍ടെക് ഇടത്തില്‍ നവീന ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരുവാനുള്ള ശരിയായ പ്ലാറ്റ്‌ഫോമാണ് ഈ യാത്രയൊരുക്കുന്നതെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു. നാസിക്, ചണ്ഡീഗഡ്, ലക്‌നോ, മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളരൂ, ചെന്നൈ, തിരുവന്തപുരം, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ 19 നഗരങ്ങളില്‍ ഫിന്‍ടെക് യാത്ര സന്ദര്‍ശനം നടത്തുമെന്നും പ്രവീണ റായ് അറിയിച്ചു.

ഫിന്‍ടെക്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി പ്രാപ്യതയ്ക്കുള്ള സൗകര്യമാണ് ഫിന്‍ടെക് യാത്ര ലഭ്യമാക്കുന്നതെന്ന് ഫിന്‍ടെക് മീറ്റപ്പ് സ്ഥാപകന്‍ അഭിഷാന്ത് പന്ത് പറഞ്ഞു.

പേമെന്റ്, വായ്പ, ഇന്‍ഷുറന്‍സ്, ധനകാര്യ ഉള്‍പ്പെടുത്തല്‍, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ മേഖലകളിലാണ് ഈ യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫിന്‍ടെക് യാത്ര 2019 അവസാനിക്കുന്നതോടെ 10 ആശയങ്ങള്‍ (പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്‌സ്) കൂടുതല്‍ ഇന്‍കുബേഷനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്, വിദ്യാര്‍ത്ഥികള്‍. കമ്പനികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം.

TAGS: NPCI |