തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഐ ലവ് 9 മന്ത്‌സ് മുലയൂട്ടൽ കേന്ദ്രം

Posted on: September 2, 2019

തിരുവനന്തപുരം : യാത്രയിൽ സുരക്ഷിതമായി പാലൂട്ടുന്നതിനായി മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്പായ ഐ ലവ് 9 മന്ത്‌സ് (ഐഎൽ9) കേരളത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക മുലയൂട്ടൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു.

കൊച്ചി സിഐഎംഎആർ ഹോസ്പിറ്റൽസ്, തൃശൂർ സരോജ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലാണ് ഡൊമേഷ്യോ എന്ന പേരിൽ അത്യാധുനിക മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഡൊമേഷ്യോയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സീനിയർ കൊമേഷ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ നിർവഹിക്കും. ഐഎംഎ പ്രസിഡന്റ് ഡോ. അനുപമ ആർ പങ്കെടുക്കും.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ മുലയൂട്ടൽ കേന്ദ്രം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ എം ബീന വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. സിഐഎംഎആർ ആൻഡ് എടപ്പാൾ ഹോസ്പിറ്റൽസ് സിഇഒ ഗോകുൽ ഗോപിനാഥ് പങ്കെടുക്കും.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ മുലയൂട്ടൽ കേന്ദ്രത്തിൻറെ ഉദ്ഘാടനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. സരോജ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ഡോ. കൃഷ്ണൻ പിഷാരടി പരിപാടിയിൽ പങ്കെടുത്തു.

ഷോപ്പിംഗ്മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതു ഇടങ്ങളിൽ സുരക്ഷിതമായി പാലൂട്ടാനുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഡൊമേഷ്യോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

TAGS: I Love 9 Months |