ഐഎൽ 9 സ്റ്റാർട്ടപ്പിന്റെ ലാക്‌ടേഷൻ പോഡ് ടെക്‌നോപാർക്കിൽ

Posted on: December 4, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത് മൂന്ന് മലയാളി വനിതാ സംരംഭകർ ചേർന്ന് തുടക്കമിട്ട ഐ ലവ് 9 മന്ത്‌സ് (ഐഎൽ9) എന്ന മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്പിന്റെ ആദ്യ ലാക്‌ടേഷൻ പോഡ് ഇന്ന് മുതൽ ടെക്‌നോപാർക്കിൽ പ്രവർത്തനമാരംഭിക്കും.

ഇന്ത്യ-ഇസ്രയേൽ ഇന്നവേഷൻ ചാലഞ്ചിൽ ആരോഗ്യ പരിരക്ഷാ വിഭാഗത്തിൽ മികച്ച സ്റ്റാർട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട ഐഎൽ9 ന്റെ മൊബൈൽ ആപ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡൊമേഷ്യോ എന്ന പേരിട്ടിരിക്കുന്ന മുലയൂട്ടൽ ബൂത്തും സഹോദരി എന്ന പേരിൽ പരിശീലനം ലഭിച്ച ശുശ്രൂഷകയുമാണ് പോഡ് ന്റെ ഭാഗമായി സജീകരിച്ചിരിക്കുന്നത്. മുലയൂട്ടൽ ബൂത്തിൽ ഡോക്ടറുടെ സേവനത്തിനു പുറമെ അവശ്യം വേണ്ട മെഡിക്കൽ പരിശോധനയും നടത്തും.

ടെക്‌നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിലെ താഴത്തെ നിലയിലാണ് പോഡ് പ്രവർത്തിക്കുക. കെഎസ്‌യുഎം സിഇഒ ഡോ സജി ഗോപിനാഥ്, ഇ-വൈറ്റ് ടെക്‌നോളജീസ് പ്രസിഡന്റ് ടീന ജയിംസ് എന്നിവർ ചേർന്നാണ് ഐഎൽ 9 ഉദ്ഘാടനം ചെയ്യും.

പാലൂട്ടുന്ന ജീവനക്കാർക്ക് പമ്പ് ഉപയോഗിച്ച് മുലപ്പാൽ എടുക്കാനും സുരക്ഷിതമായി പാൽ ശേഖരിച്ചു സൂക്ഷിക്കാനും പോഡ് സഹായിക്കും. ആധുനിക സജീകരണങ്ങളുള്ള മുറി, ഫ്രിഡ്ജ്, ലാക്‌ടേഷൻ പമ്പ് എന്നിവ ഇവിടെയുണ്ടായിരിക്കും. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ടാബ് ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗർഭകാല ശുശ്രൂഷകർ എന്ന നിലയിലാണ് സഹോദരിയുടെ സേവനം ലഭിക്കുന്നത്.

മുലയൂട്ടുന്ന വനിതകൾക്ക് വേണ്ടി ഐഎൽ 9 ലാക്‌ടേഷൻ പോഡ് ജോലിസ്ഥലങ്ങളിൽ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഎൽ 9 സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗംഗാ രാജ് പറഞ്ഞു. അഞ്ജലി രാജ്, ഗംഗ രാജ്, സുമ അജിത് എന്നിവർ ചേർന്നാണ് ഐഎൽ 9 തുടങ്ങിയത്. ആപ് ഇതിനോടകം ആറായിരം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് ഗംഗാ രാജ് പറഞ്ഞു.