എഐ പരസ്യവുമായി കല്യാണ്‍ സില്‍ക്‌സ്

Posted on: August 14, 2023

കൊച്ചി : നിര്‍മിത ബുദ്ധി പരസ്യം (എഐ) സാങ്കേതിക വിദ്യയിലൂടെ രൂപപ്പെടുത്തിയ മോഡലുകളെ ഓണാഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കി അവതരിപ്പിച്ച് കല്യാണ്‍ സില്‍ക്‌സ്, അഡ്വര്‍ടൈസിംഗ് ഏജന്‍സിയായ മൈത്രിയാണ് പുതിയ ആശയത്തിനു പിന്നില്‍. കേരളത്തില്‍ ഒരു വലിയ ബ്രാന്‍ഡ് പരസ്യത്തിന് എഐ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് ആദ്യമാണെന്ന് പരസ്യലോകത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഓണത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്ലാദത്തോടെ പരമ്പരാഗത വേഷത്തോടെയുള്ള സംഘചിത്രമെന്ന ആശയമാണ് എഐ സോഫ്‌റ്റ്വെയറിനു നല്‍കിയത്. 20 സെക്കന്‍ഡിനുള്ളില്‍ അത്തരമൊരു ഇമേജ് മൈത്രിയുടെ ക്രിയേറ്റീവ് ടീമിനു ലഭിച്ചു. ദിവസങ്ങള്‍ നീളുന്ന മോഡല്‍ ഫോട്ടോഷൂട്ടില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന ഇമേജുകളായിരുന്നു പലതും.

ചിത്രങ്ങള്‍ കല്യാണ്‍ സില്‍ക്‌സ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന് കൈമാറിയപ്പോള്‍ അദ്ദേഹവും പ്രോത്സാഹിപ്പിച്ചെന്നു മൈത്രി മാനേജിംഗ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു.