ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

Posted on: May 19, 2023

ന്യൂഡല്‍ഹി : ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍.

ചൊവ്വാഴ്ച വൈകുന്നേരം ഫ്രഞ്ച് പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ഫ്രാന്‍സിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോന എന്‍ ചന്ദ്രശേഖരന് അവാര്‍ഡ് നല്‍കി.

‘ഞങ്ങളുടെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഫ്രാന്‍സിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഷെവലിയര്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍ സ്വീകരിക്കുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചത്.’ ടാറ്റാ ഗ്രൂപ്പ് ഒരു ട്വീറ്റില്‍ പറഞ്ഞു.

ഫ്രാങ്കോ-ഇന്ത്യന്‍ പങ്കാളിത്തത്തില്‍ ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവാര്‍ഡ് സമ്മാനിച്ചതിന് ശേഷം, കാതറിന്‍ കൊളോന ഒരു ട്വീറ്റില്‍ പറഞ്ഞു. റിപ്പബ്ലിക് പ്രസിഡന്റിന് വേണ്ടി, എന്‍ ചന്ദ്രശേഖരന് ഷെവലിയര്‍ ഡി ലാ ലീജിയന്‍ ഡി ഹോണറിന്റെ മുദ്രകള്‍ സമ്മാനിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. പ്രിയപ്പെട്ട നടരാജന്‍ ചന്ദ്രശേഖരന്‍ ഫ്രാന്‍സിന്റെ സുഹൃത്താണെന്നും അവര്‍ പറഞ്ഞു.

പ്രിയപ്പെട്ട നടരാജന്‍ ചന്ദ്രശേഖരന്‍, താങ്കള്‍ ഫ്രാന്‍സിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ വര്‍ഷം ആദ്യം, ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, 210 എ320 നിയോ വിമാനങ്ങളും 40 എ350 വിമാനങ്ങളും ഉള്‍പ്പെടെ 250 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ആഗോള എയ്റോസ്പേസ്, പ്രതിരോധ മേഖലയുടെ പുതിയ കാലത്തെ ഉത്പന്ന എഞ്ചിനീയറിംഗും ഡിജിറ്റല്‍ ആവശ്യകതകളും നിറവേറ്റുന്നതിനായി ടാറ്റ ടെക്നോളജീസ് അതിന്റെ ഇന്നൊവേഷന്‍ സെന്റര്‍ ഫ്രാന്‍സിലെ ടുലൂസില്‍ ഉദ്ഘാടനം ചെയ്തു.