ഡോ. ജോര്‍ജ് തയ്യിലിന് ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ്

Posted on: May 13, 2023

കൊച്ചി : കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യില്‍ കരസ്ഥമാക്കി. സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍ എന്ന ആത്മകഥക്കാണ് പുരസ്‌കാരം.

കുമരകത്ത് നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്ത പുരസ്‌കാരം സമ്മാനിച്ചു. 2022ലെ മികച്ച ഗ്രന്ഥത്തിനുളള ഉഗ്മ സാഹിത്യ അവാര്‍ഡ് ലഭിച്ച കൃതിയാണ് സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍. ഡി സി ബുക്‌സ് ആണ് പ്രസാധകര്‍.

ഹൃദ്രോഗ ചികിത്സാ രംഗത്ത് പ്രശസ്തനായ ഡോ. ജോര്‍ജ് തയ്യില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പഠനകാലത്തെ ആത്മസുഹൃത്തുകൂടിയായ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുമായുള്ള ഓര്‍മകളും തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അറിയാ കഥകളുമാണ് ആത്മകഥ രൂപത്തില്‍ പുറത്തിറങ്ങുന്നത്.

ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, സ്ത്രീകളും ഹൃദ്രോഗവും, ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച ഡോ. ജോര്‍ജ് തയ്യില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്.