മികച്ച വ്യവസായ സംരംഭകരുടെ എന്റര്‍പ്രണര്‍ 35 അണ്ടര്‍ 35 പട്ടികയില്‍ ഇടം നേടി അക്യുബിറ്റ്‌സ് സി.ഇ.ഒ ജിതിന്‍ വി.ജി

Posted on: February 12, 2022

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്‌സ് ടെക്‌നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജീതിന്‍. വി.ജി എന്റര്‍പ്രണര്‍ മാഗസിന്റെ 35 വയസില്‍ താഴെയുള്ള മികച്ച പ്രചോദകരായ 35 സംരംഭകരുടെ പട്ടികയില്‍ സ്ഥാനം നേടി.

35 വയസില്‍ താഴെയുള്ള പ്രഗത്ഭ സംരംഭകരുടെ അഞ്ചാമത് പട്ടികയില്‍ ഇടം നേടിയ മൂന്ന് മലയാളികളില്‍ ഒരാളാണ് ജിതിന്‍.വി. ജി. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച രാജ്യമെമ്പാടും നിന്നുള്ള 35 പ്രചോദകരായ യുവാക്കളുടെ പട്ടികയാണിത്. എഴുത്തുകാരന്‍ മനു എസ് പിള്ളയും നടന്‍ ടൊവിനോ തോമസുമാണ് ഈ അംഗീകാരം നേടിയ മറ്റ് മലയാളികള്‍.

പട്ടികയില്‍ ഉള്‍പ്പെട്ട 35 പേരേയും സജീവമായ മാറ്റം സൃഷ്ടിക്കാനും തങ്ങള്‍ ജീവിക്കുന്ന ലോകത്തെ പ്രചോദിപ്പിക്കാനും പ്രാപ്തരായ 2022 ലെ മുനിരക്കാര്‍ എന്നാണ് എന്റര്‍പ്രണര്‍ മാഗസിന്‍ വിശേഷിപ്പിച്ചത്. 2022 ലെ പട്ടിക 16 -25, 21 – 25, 26-30 , 30-35 എന്നിങ്ങനെ പ്രായമനുസരിച്ചുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരുന്നത്. അക്യുബിറ്റ്‌സ് സി.ഇ. ഒ ജിതിന്‍, 26-30 പ്രായപരിധിയില്‍ പെട്ട 12 സംരംഭകരില്‍ ഉള്‍പ്പെടുന്നു.

തനിക്ക് ലഭിച്ച അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ജിതിന്‍ വി. ജി വ്യക്തമാക്കി. അക്യൂബിറ്റ്‌സ് കുടുംബം ഒരുമിച്ച് നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
വിവിധ മേഖലകളിലായി ഏഴ് വിഭാഗങ്ങളില്‍ നിന്ന് അവര്‍ പ്രവര്‍ത്തിക്കുന്ന വ്യവസായത്തിലോ വിപണിയിലോ ചെലുത്തിയ സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. എന്റര്‍പ്രണറിന്റെ പുതിയ ലക്കത്തില്‍ അംഗീകാരം ലഭിച്ച 35 പേരുടേയും പട്ടികയും ഇവരുടെ പ്രത്യേക അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാഗസിനിന്റെ വെബ് സൈറ്റിലും ഇവ ലഭ്യമാണ്. യുവ സംരംഭകരെ പട്ടികയില്‍ ഉള്‍പ്പെട്ടുത്താന്‍ തെരഞ്ഞെടുത്തതിന്റെ പ്രധാന മാനദണ്ഡം അവരവരുടെ മേഖലകളില്‍ കൈവരിച്ച അനിതര സാധാരണമായ ലക്ഷ്യങ്ങളേയും നേട്ടങ്ങളേയും അടിസ്ഥാനമാക്കി ആയിരുന്നു.

 

TAGS: Jithin VG |