മലബാര്‍ ഗ്രൂപ്പ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കുന്നു

Posted on: August 30, 2023

കോഴിക്കോട് : വിശക്കുന്നവരിലേക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ മുംബൈ വസായ് ഏരിയയിലെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. ഭക്ഷണ വിതരണത്തിനുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നടത്തി. ചടങ്ങില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബുള്ളന്‍ ഹെഡ് ദിലീപ് നാരായണന്‍, വെസ്റ്റ് റീജ്യണല്‍ ഹെഡ് എ.ടി. ഫന്‍സീം അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

‘തണല്‍’ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് മലബാര്‍ ഗ്രൂപ്പ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ദിനം പ്രതി 30,000 ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരു നേരത്തെ പോഷക സമൃദ്ധമായ വൃത്തിയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിലായി 24 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്. താത്പര്യമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി’യുടെ ഭാഗമാകാമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയാറാക്കുന്നതിന് മഹാരാഷ്ട്രയിലടക്കം അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വൃത്തിയോടെ ഭക്ഷണം തയാറാക്കാന്‍ പരിശീലനം ലഭിച്ച പാചക വിദഗ്ധരെയും മറ്റ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. തെരുവുകളില്‍ കഴിയുന്നവരെ കണ്ടെത്തി അവരുടെ അടുത്തേക്ക് ഭക്ഷണപ്പൊതികള്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.