അന്താരാഷ്ട്ര വ്യാപാര മേളയില്‍ വിസ്മയം തീര്‍ത്ത് കേരള പവലിയന്‍

Posted on: November 17, 2022

കൊച്ചി : ന്യൂഡല്‍ഹി- പ്രഗതി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയില്‍ 6000 ചതുരശ്രയടിയില്‍ ഒരുക്കിയ കേരള പവലിയന്‍ ശ്രദ്ധ നേടുന്നു.

മേളയുടെ ഇത്തവണത്തെ ആശയമായ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ടു ഗ്ലോബല്‍ എന്നതിനെ അന്വര്‍ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമാണ്. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പര്‍ ഹാളിന്റെ ഒന്നാം നിലയിലാണ് കേരള പവലിയന്‍.

കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളുമായി തിരകള്‍ മുറിച്ചു നീങ്ങുന്ന കൂറ്റന്‍ ഉരുവാണ് പ്രവേശന കവാടത്തിലെ മുഖ്യ ആകര്‍ഷണം. ഇതിനു താഴെയായി തൂണുകളില്‍ കേരളത്തിന്റെ ഏലം, കുരുമുളക് എന്നിവ ഒരുക്കിയിരിക്കുന്നു. ഭൗമസൂചികയിലുള്ള കേരളത്തിന്റെ ഉത്പന്നങ്ങളുടെ വിശദാംശങ്ങളുടെ പവലിയനില്‍ ലഭ്യമാണ്. കേരളത്തിന്റെ തനതു വാശില്‍പ മാതൃകയിലാണ് പവലിയന്‍രൂപകല്‍പന ചെയ്തിരിക്കുന്നത്. തീം സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും പ്രത്യേകമായി തിരിച്ചിട്ടുണ്ട്. അകത്തെ സ്റ്റാളുകള്‍ക്കു പുറമെ പുറത്തെ ഇടനാഴികളിലായി കോഴിക്കോട് മിഠായി തെരുവിന്റെ മാതൃകയിലും സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

പ്രവേശന കവാടം കടന്നാലുടന്‍ കാണുക വിവിധ കലാകാരന്‍മാരുടെ കരവിരുതാണ്. ഇതിനായി ഒരുക്കിയ പടിപ്പുരയില്‍ ആറന്മുള കണ്ണാടി, ഉരുവിന്റെ ചെറിയ മാതൃകകള്‍, ചുവര്‍ചിത്രകല, ചെറിയ കഥകളി രൂപങ്ങള്‍, പാവക്കൂത്ത് കോലങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചെണ്ട, ഇടയ്ക്ക എന്നിവയുടെ ചെറുരൂപങ്ങള്‍, പായ നെയ്ത്ത് എന്നിവയുടെ നിര്‍മാണം നേരിട്ട് കാണാം. ഇതിനു ചുറ്റിലുമായാണ് തീം സ്റ്റാളുകള്‍. ടൂറിസം, കൃഷി, സഹകരണം, കയര്‍, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, വനം, കുടുംബശ്രീ, ഹാന്‍ം തുടങ്ങിയ സ്റ്റാളുകള്‍ ഇവിടെയാണ്.

കേരഫെഡ്, പട്ടികവര്‍ഗ വികസനം, ഔഷധി, ഹാന്‍വീവ്, ഹാന്‍ം വിവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാര്‍ക്കറ്റ് ഫെഡ്, സഹകരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയു ടെ വില്പന സ്റ്റാളുകളാണ് പവലിയനിനകത്തുള്ളത്. സംസ്ഥാന ബാംബൂ മിഷന്‍, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, ഖാദി ആന്‍ഡ് വില്ലെജ് ഇന്‍ഡസ്ട്രീസ്, സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെഎസ്സിഎഡിസി, കുടുംബശ്രീ, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ വില്പ്പന ശാലകള്‍ പവലിയന് ചുറ്റിലുമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വ്യത്യസ്ത കേരള രുചികളുമായി കുടുംബശ്രീ, സാഫ് എന്നിവരുടെ ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ട്.