യൂണിഫോം ആന്‍ഡ് ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചറേഴ്സ് ഫെയര്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ

Posted on: November 10, 2022

കൊച്ചി : അഞ്ചാമത് ദേശീയ യൂണിഫോം ആന്‍ഡ് ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചറേഴ്സ് ഫെയര്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ തെലങ്കാന ഹൈടെക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മേളയുടെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി നിര്‍വഹിച്ചു. 15 ഓളം രാജ്യങ്ങളില്‍ നിന്നായി 200 യൂണിഫോം നിര്‍മാതാക്കളും 4000 ഫാബ്രിക് ഡിസൈനുകളും 20000 ലേറെ യൂണിഫോം ഡിസൈനുകളും മേളയുടെ ഭാഗമാകും.

യൂണിഫോം ഗാര്‍മെന്റ് നിര്‍മാതാക്കള്‍, യൂണിഫോം ഫാബ്രിക് നിര്‍മാതാക്കള്‍, യൂണിഫോം ആക്സസറീസ് നിര്‍മാതാക്കള്‍ എന്നിവര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന രാജ്യത്തെ ഏക മേളയാണിതെന്ന് നിധിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര മുന്‍ ടെക്സ്റ്റയില്‍സ് മന്ത്രി സുഭാഷ് ദേശ്മുഖാണ് ഇ ആശയത്തിന് പിന്നില്‍.

സ്‌കൂള്‍, കോര്‍പ്പറേറ്റ്, വര്‍ക് വെയര്‍, ഹോസ്പിറ്റല്‍, ഇന്‍ഡസ്ട്രിയല്‍, ഹോട്ടല്‍ യൂണിഫോമുകളുടെയും അനുബന്ധ വസ്തുക്കളുടെയും ഏറ്റവും വലിയ പ്രദര്ശനമാണിത്. മഫത് ലാല്‍, എസ് കുമാര്‍, വാല്‍ജി, സ്പര്‍ശ്, ശുബ്‌ടെക്‌സ്, ഗംഗോത്രി, സംഗം, വോക്കി ടോക്കി, പ്രാനെറ തുടങ്ങി പ്രമുഖ മില്ലുകളെല്ലാം മേളയില്‍ പങ്കെടുക്കുന്നുണ്ട്.

സോളാപ്പൂര്‍ ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍ ആണ് ആതിഥേയര്‍. ഇന്ത്യയെ യൂണിഫോം സോഴ്സിംഗ് ഹബായി മാറ്റാന്‍ കഴിഞ്ഞ 6 വര്‍ഷമായി കഠിന പ്രയത്‌നത്തിലാണ് സോളാപ്പൂര്‍ ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍. ആദ്യ രണ്ട് മേളകള്‍ സോളാപ്പൂരിലും മൂന്നാമത്തേത് ബംഗളൂരുവിലും നാലാമത് മേള മുംബൈയിലുമാണ് സംഘടിപ്പിച്ചത്. ഈ വര്‍ഷം ബി ടു ബി സെഷനുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ ഡയറക്ടര്‍ വിജയ് ടാക്‌ളിയ പറഞ്ഞു.