ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നീട്ടിയെടുക്കാം

Posted on: May 3, 2021

ദുബായ് : ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചു.

യു.എ.ഇ. ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് 10 ദിവസത്തേക്കു കൂടി നീട്ടിയതോടെയാണ് എമിറേറ്റ്സ് പുതിയ ആശ്വാസനടപടി പ്രഖ്യാപിച്ചത്.

ബുക്ക് ചെയ്ത ദിവസംമുതല്‍ മൂന്നുവര്‍ഷത്തേക്ക് വിമാനടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രില്‍ ഒന്നിന് മുമ്പ് ടിക്കറ്റ് ബുക്കുചെയ്ത, 2021 ഡിസംബര്‍ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും.

ഏപ്രില്‍ ഒന്നുമുതലുള്ള ടിക്കറ്റുകള്‍ക്ക് രണ്ടുവര്‍ഷത്തെ യാത്രാ കാലാവധിയുണ്ട്. ഇതിനുള്ളില്‍ യാത്രാ തീയതികള്‍ മാറ്റിയെടുക്കാം. അല്ലെങ്കില്‍ പണം മടക്കിക്കിട്ടാനുള്ള അവസരവുമുണ്ട്.

2020 സെപ്റ്റംബര്‍ 30-നോ അതിന് മുമ്പോ എടുത്ത 2020 ഡിസംബര്‍ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്കുചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടിനല്‍കുമെന്നും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.