ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെയുള്ള വിമാനയാത്രയ്ക്ക് നിരക്ക് കുറയും

Posted on: February 27, 2021

ന്യൂഡല്‍ഹി : ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെ രാജ്യത്തിനകത്ത് നടത്തുന്ന വിമാനയാത്രയ്ക്ക് ചെലവുകുറയും. ക്യാബിന്‍ ബാഗേജുമായി മാത്രമാണ് യാത്രയെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച മാര്‍ഗരേഖ ഡി.ജി.സി.എ. പുറത്തിറക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള അടച്ചിടലിനുശേഷം വിമാനസര്‍വീസുകള്‍ ഏതാണ്ട് സാധാരണ നിലയിലായതോടെ വന്‍നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

നിലവില്‍ ക്യാബിനില്‍ കൂടെകൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം ഏഴുകിലോഗ്രാമും ചെക്ക്-ഇന്‍ ബാഗേജിന്റെ തൂക്കം 15 കിലോഗ്രാമും ആണ്. കൂടുതല്‍ ഭാരത്തിന് പ്രത്യേക തുക ഈടാക്കും.

ഇനിമുതല്‍ വിമാനക്കമ്പനികള്‍ക്ക് ‘സീറോ ബാഗേജ് അഥവാ ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാത്ത നിരക്ക് ‘ ഈടാക്കാമെന്നാണ് ഡി.ജി.സി.എ. യുടെ നിര്‍ദേശം. ഇളവുലഭിക്കണമെങ്കില്‍ ടിക്കറ്റെടുക്കുമ്പോള്‍ ബാഗേജിന്റെ ഭാരം കാണിക്കണം. അതേസമയം, സീറോ ബാഗേജ് നിരക്കില്‍ ടിക്കറ്റ് ബുക്കുചെയ്തശേഷം ബാഗേജുമായി എത്തിയാല്‍ അതിന് പ്രത്യേക നിരക്ക് ഈടാക്കും.