രാജ്യത്തെ ആദ്യ പ്രതിരോധപാര്‍ക്ക് ഒറ്റപ്പാലത്ത് തുറന്നു

Posted on: February 18, 2021

 

ഒറ്റപ്പാലം: രാജ്യത്തെ ആദ്യത്തെ പ്രതിരോധപാര്‍ക്ക് ഒറ്റപ്പാലം കിന്‍ഫ്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു.

ഈ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ വ്യവസായമേഖലയിലുണ്ടായത് ഗുണകരമായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒറ്റപ്പാലത്ത് നിര്‍മിച്ച പ്രതിരോധമേഖലയിലെ രാജ്യത്തെ ആദ്യ പാര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന വലിയ പദ്ധതികളിലൊന്നാണ് പ്രതിരോധപാര്‍ക്ക്. പ്രതിരോധമേഖലയിലെ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് പാര്‍ക്കിലെ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

പാട്ടക്കരാര്‍ 90 വര്‍ഷംവരെ പുതുക്കി ഉപയോഗിക്കാനാകും. കൂടുതല്‍ കമ്പനികള്‍ പാര്‍ക്കിലേക്ക് എത്തുന്നതിനായി വ്യവസായവകുപ്പിന്റെയും കിന്‍ഫ്രയുടെയും നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ 63,000 സൂക്ഷ്മ, ഇടത്തര വ്യവസായങ്ങള്‍ സംസ്ഥാനത്തെത്തിക്കാനായെന്ന് അധ്യക്ഷതവഹിച്ച വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

 

TAGS: Defence Park |