സിദ്ദീഖ് അഹമ്മദ് ഉൾപ്പടെ നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ

Posted on: January 11, 2021

ന്യൂഡല്‍ഹി : പ്രവാസി ഭാരതീയദിനത്തില്‍ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചവരില്‍ നാലു മലയാളികളും. ന്യൂസീലന്‍ഡിലെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രിയായ പ്രിയങ്ക രാധാകൃഷ്ണന്‍, സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സി.എം.ഡി.യുമായ ഡോ. സിദ്ദിഖ് അഹമ്മദ്, ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ ബാബുരാജന്‍ കല്ലുപറമ്പില്‍ ഗോപാലന്‍, ഖത്തറിലെ ഡോ. മോഹന്‍ തോമസ് ലാസറസ് പാലക്കാമറ്റം എന്നിവര്‍ക്കാണു പുരസ്‌കാരം. ഡോ. സിദ്ദിഖ് അഹമ്മദ് പാലക്കാട് മങ്കര സ്വദേശിയാണ്.

സ്വന്തം മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയതാണ് പ്രവാസി ഭാരതീയ സമ്മാന്‍. ബോട്സ്വാനയിലെ ജമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ. ജമാല്‍ അഹമ്മദ്, ജാനകി രാമന്‍ രവികുമാര്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ക്കാണ് ഇക്കുറി പുരസ്‌കാരം ലഭിച്ചത്.

 

 

TAGS: Siddeek Ahmed |