പാസ്‌പോര്‍ട്ട് അപേക്ഷയിലെ തെറ്റ് : പിഴ ഈടാക്കാന്‍ അധികാരമില്ല

Posted on: June 21, 2020

കൊച്ചി : പാസ്‌പോര്‍ട്ട് അപേക്ഷ സംബന്ധിച്ച തെറ്റുകള്‍ക്കു പിഴ ഈടാക്കാനുളള അധികാരം പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് ഇല്ലെന്ന് ഹൈക്കോടതി. പാസ്‌പോര്‍ട്ട് അനുവദിക്കുക, നിരസിക്കുക, പിടിച്ചെടുക്കുക, അസാധുവാക്കുക, കാലാവധി നിജപ്പെടുത്തുക തുടങ്ങിയവയ്ക്കു മാത്രമാണു പാസ്‌പോര്‍ട്ട് അതോറിറ്റിക്ക് അധികാരമെന്നും പിഴ ഈടാക്കാനാവില്ലെന്നും ഇതു സംബന്ധിച്ചു വന്ന ഹര്‍ജിയിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ ജസ്റ്റിസ് ഷാജി പി. പാലി എന്നിവര്‍ ചൂണ്ടിക്കാട്ടി.

സിറ്റിസണ്‍സ് ലീഗല്‍ റൈറ്റ് അസോസിയേഷന്‍ ജാക്‌സണ്‍ ചുങ്കത്ത് എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 1967 ലെ പാസ്‌പോര്‍ട്ട് നിയമപ്രകാരം പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കു പിഴ ഈടാക്കാനുള്ള അധികാരമില്ലെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പാസ്‌പോര്‍ട്ട് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേട്ട് കോടതിക്കു മാത്രമാണു പിഴ ഈടാക്കാനാവൂ എന്നു പാസ്‌പോര്‍ട്ട് നിയമത്തില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

എന്നാല്‍ അനധികൃതമായി ഈടാക്കിയ പിഴ തിരിച്ചു നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പാസ്‌പോര്‍ട്ട് അപേക്ഷയില്‍ വിവരങ്ങള്‍ ബോധപൂര്‍വം മറച്ചു വയ്ക്കുന്നതു തടയാനാണു പിഴ ഈടാക്കുന്നത്. വിവരങ്ങള്‍ മറച്ചുവച്ച് ആളുമാറി തട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ടെന്നും അപേക്ഷകരുടെ ആധിക്യം മൂലം ഇത്തരം കേസുകളിലെല്ലാം പ്രൊസിക്യൂഷന്‍ സാധ്യമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭൂരിഭാഗം കേസുകളിലും പിഴ ഈടാക്കുകയാണ് പതിവ്. പതിനായിരക്കണക്കിന് അപേക്ഷകളാണ് റീജനല്‍ പാസാപോര്‍ട്ട് അധികൃതര്‍ പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഏറെ സമയം എടുക്കുന്ന പ്രക്രിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

TAGS: Indian Passport |