കുവൈത്തില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് റഫറന്‍സ് രേഖ നിര്‍ബന്ധം

Posted on: December 11, 2018

കുവൈത്ത്  : കുവൈത്തിലെ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ സ്ഥാനപതികാര്യാലയം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം റഫറന്‍സ് രേഖകളും നിര്‍ബന്ധമാക്കിയതാണ് പ്രധാനം.

പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനോ പുതുക്കാനോ ഉള്ള അപേക്ഷകയോടൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ പേര്, മേല്‍വിലാസം, സിവില്‍ ഐ ഡി, പകര്‍പ്പ്, ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയവയാണ് നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഔട്ട്‌സോഴ്‌സ് കേന്ദ്രത്തിനയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

പാസ്‌പോര്‍ട്ട് അപേക്ഷാപത്രത്തില്‍ 19 ാം കോളത്തിലാണ് പേരും മേല്‍വിലാസവും ചേര്‍ക്കേണ്ടത്. ഇതില്‍ പരാമര്‍ശിച്ച വ്യക്തികളുടെ ഐ ഡി പകര്‍പ്പും ഫോണ്‍ നമ്പറും ആണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. ഇവയില്ലാത്ത അപേക്ഷകള്‍ സ്വീകരിക്കരുതെന്നും സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതു കൊണ്ടു തന്നെ, ഇതറിയാതെ സേവനകേന്ദ്രത്തിലെത്തിയ ഒട്ടേറെ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. എംബസിയുടെ പുതിയ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും ഗാര്‍ഹിക ജോലിക്കാരെ പുതിയ വ്യവസ്ഥകള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ആക്ഷേപം. അവര്‍ക്ക് റഫറന്‍സിന് ആളുകളെ കിട്ടുകയെന്നത് പ്രയാസമേറിയ കാര്യമാണ്.