കൊറോണ പ്രവര്‍ത്തനങ്ങളില്‍ രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ ആഗോള ശ്രദ്ധ നേടുന്നു

Posted on: April 8, 2020

ജയ്പൂര്‍: കോവിഡ്-19ന്റെ രാജ്യത്തെ പ്രഭവ കേന്ദ്രമായിരുന്ന രാജസ്ഥാനിലെ ഭില്‍വാര അശോക് ഖേലോട്ട് സര്‍ക്കാരിന്റെയും തദ്ദേശ അധികൃതരുടെയും ശക്തമായ ഇടപെടലിനെ തുര്‍ന്ന് തിരിച്ചുവരവിന്റെ പാതയില്‍. ആരോഗ്യ പ്രവര്‍ത്തകര്‍, ഹോം ഗാര്‍ഡുകള്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നാണ് കോവിഡ്-19 സ്‌ക്രീനിംഗില്‍ പങ്കെടുക്കുന്നത്. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പഴുതടച്ച പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ഒരു നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെയും അതുവഴി രാജ്യത്തെ തന്നെയും രക്ഷിക്കുന്നു.

മാര്‍ച്ച് രണ്ടിനാണ് രാജസ്ഥാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ദിവസം മുതല്‍ തന്നെ കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതുവരെ ഒരു കോടി 17 ലക്ഷം വീടുകളും അഞ്ചു കോടി ആളുകളെയും സ്‌ക്രീനിംഗ് നടത്തുകയും കര്‍ഫ്യൂവിലൂടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി അശോക് ഖേലോട്ട് പറഞ്ഞു. കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ചെയ്ത ഭാഗത്തെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സീല്‍ ചെയ്ത് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഖേലോട്ട് കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തെ 18 കേസുകളില്‍ 12എണ്ണവും ഭില്‍വാരയിലായിരുന്നു. ഡോക്ടറുടെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായതോടെയാണ് ഭില്‍വാര അടച്ചു പൂട്ടിയതെന്നും ഗ്രാമത്തിലെ 22 ലക്ഷം കുടുംബങ്ങളെയും നഗരത്തിലെ 10ലക്ഷം വീടുകളെയും സ്‌ക്രീനിംഗിന് വിധേയമാക്കിയാണ് ഭില്‍വാര മാതൃകയായതെന്നും ഖേലോട്ട് പറഞ്ഞു. 27 കേസുകളുമായി സംസ്ഥാത്ത് സ്ഥിതി ഏറ്റവും വഷളായിരുന്ന ഭില്‍വാരയില്‍ നിലവില്‍ 17 പേര്‍ സുഖം പ്രാപിച്ചു വരുന്നു. 11 പേരെ ഡിസ്ചാര്‍ജും ചെയ്തു.