എയര്‍ ഇന്ത്യ വാങ്ങാന്‍ ഏഴു കമ്പനികള്‍

Posted on: January 22, 2020

മുംബൈ : എയര്‍ ഇന്ത്യ വാങ്ങാന്‍ ഏഴു കമ്പനികള്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ്പുരി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള താത്പര്യപത്രം ഉടന്‍ ക്ഷണിക്കും. വില്‍പ്പന പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തേക്ക് ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി മന്ത്രി യൂണിയനുകളെ അറിയിച്ചു. നിലവിലുള്ള ജീവനക്കാര്‍ക്കായി വി. ആര്‍. എസ്. ഉണ്ടാകില്ല. ജീവനക്കാര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ തുടരും. വില്‍പ്പനയ്ക്കുമുമ്പായി കുടിശ്ശികയുള്ള തുകയുടെ 25 ശതമാനം കൊടുത്തുതീര്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസ് ഇപ്പോള്‍ വിറ്റഴിക്കില്ല. ശബളവര്‍ധന, അവധി ആനുകൂല്യം, ഗ്രാറ്റ്വിറ്റി എന്നിവസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ രണ്ടു സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വില്‍ക്കുന്നതിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഫെബ്രുവരി എട്ടിന് യൂണിയനുകളുമായി വീണ്ടും ചര്‍ച്ചനടത്തുമെന്നും മന്ത്രി അറിയിച്ചു.