അന്ധ്രയിലെ പദ്ധതികളില്‍ നിന്ന് ലുലു ഗ്രൂപ്പ് പിന്മാറിയേക്കും

Posted on: November 20, 2019

കൊച്ചി : ലുലു ഗ്രൂപ്പ്പ ആന്ധ്രപ്രദേശില്‍ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തില്ലെന്ന് സൂചന. സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നടപടി. അതേസമയം, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിക്ഷേപ പദ്ധതികളെ ഇതു ബാധിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ നിര്‍മിക്കാന്‍ ആന്ധ്രപ്രദേശില്‍ 2,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി വിശാഖപട്ടണത്തെ കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിനു പുറമേ പദ്ധതി വഴി സംസ്ഥാനത്തെ ഏഴായിരത്തോളം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടിരുന്നു.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പാട്ടത്തിന് ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുകയും ഗ്രൂപ്പ് ചെലവഴിച്ചിരുന്നു.

TAGS: Lulu Group |