അടുത്ത വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമാകുമെന്ന് ഐഎംഎഫ്

Posted on: October 24, 2019

സിംഗപ്പുര്‍ : അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തിനടുത്തെത്തിയേക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികളും കമ്പനി നികുതിയില്‍ വരുത്തിയ ഇളവും കുതിപ്പിനു തുണയാകുമെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജൊനാഥന്‍ ഒസ്ട്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടല്‍.

സമീപകാലത്ത് ഇന്ത്യനേരിട്ട മാന്ദ്യം അദ്ഭുതപ്പെടുത്തിയെന്നും ഒസ്ട്രി പറഞ്ഞു. ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും വളര്‍ച്ച നിരക്കില്‍ കുറവു കാണുന്നു. കാലാവസ്ഥയിലെ അനിശ്ചിതത്വം, ബാങ്ക് ഇതര മേഖലയിലെ പ്രശ്‌നങ്ങള്‍, കാര്‍ഷികരംഗത്തെ പ്രതിസന്ധി തുടങ്ങിയവയാണ് ഇതിനു കാരണം.
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാര്‍ ആശങ്കകള്‍ തീര്‍ത്ത് സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാകുന്നതോടെ മാറ്റമുണ്ടാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

TAGS: IMF |