ജിവദോന്റെ ഫ്‌ളേവര്‍ ഫാക്ടറി പൂനെയില്‍

Posted on: February 8, 2019

പൂനെ : ഫ്‌ളേവര്‍ ഫ്രാഗ്രന്‍സ് കമ്പനിയായ ജിവദോ പൂനെയില്‍ പുതിയ സുഗന്ധവസ്തു നിര്‍മ്മാണ ശാലക്ക് തുടക്കം കുറിച്ചു. 60 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണ് ഈ ഫാക്ടറിയുടെ നിര്‍മ്മാണത്തിനായി മുടക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്.

ആരോഗ്യ സംരക്ഷണ, ഭക്ഷ്യോല്പന്ന, പാനീയ മേഖലക്കാവശ്യമായ സുഗന്ധം, രുചി എന്നിവ നിര്‍മ്മിക്കുന്നതിനായി 40,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള നിര്‍മ്മാണ ശാലയാണ് ഒരുക്കിയിരിക്കുന്നത്. ദാമനിലുള്ള പ്ലാന്റിന് പുറമേയാണ് പുതിയ നിര്‍മ്മാണ ശാല സജ്ജമാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും.

തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് ഈ ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള മലിന ജലവും നിര്‍മ്മാണ ശാലയില്‍ നിന്ന് പുറത്തുപോകില്ലെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. സോളാര്‍ പാനലുകള്‍ വഴിയാണ് ഫാക്ടറിക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. കൂടാതെ എല്‍ഇഡി ലൈറ്റുകള്‍ മാത്രമാണ് പ്രകാശ വിന്ന്യാസത്തിനായി ഉപയോഗിക്കുന്നത്. പൂനെയില്‍ ഈ ലോകോത്തര നിര്‍മ്മാണ ശാല തുടങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജിവദോ സിഇഒ ഗില്ലിസ് ആന്‍ഡ്രിയര്‍ പറഞ്ഞു.